ക്രോസ് വോട്ട് ചെയ്തതിന് കോൺ​ഗ്രസ് പുറത്താക്കി; ഹരിയാന എംഎൽഎ ബിജെപിയിലേക്കെന്ന് സൂചന

ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ആദംപൂർ എംഎൽഎ കുൽദീപ് ബിഷ്‌ണോയി ഞായറാഴ്ച ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറെയും കണ്ടു. രണ്ടാഴ്ചയ്ക്കിടെ ബിഷ്‌ണോയി ബിജെപി നേതൃത്വവുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജൂലൈ 10 ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നദ്ദയുമായും ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ സന്ദർശിച്ച ശേഷം കോൺ​ഗ്രസ് എംഎൽഎ ബിജെപിയെ പ്രശംസിച്ചിരുന്നു.

ബിജെപിയുമായി അടുത്ത 53 കാരനായ നിയമസഭാംഗത്തെ കഴിഞ്ഞ മാസം എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. ബിഷ്‌ണോയിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അതിന് മുമ്പ് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും നാല് തവണ എം.എൽ.എയും രണ്ട് തവണ എംപിയുമാ‌‌യിരുന്നു ബിഷ്‌ണോയി. ഹരിയാന പിസിസ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അദ്ദേഹത്തെ അവഗണിച്ചതുമുതൽ പാർട്ടിയുമായി ഇഠഞ്ഞിരിക്കുക‌യാണ്. ഹൂഡയുടെ വിശ്വസ്തനായ ഉദയ് ഭാനിനെയാണ് പാർട്ടി അധ്യക്ഷനായി നിയമിച്ചത്.

ഹരിയാനയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 90 അംഗമാണ് നിയമസഭയിൽ ഉള്ളത്. ബിഷ്‌ണോയി ക്രോസ് വോട്ട് ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടു. അതേസമയം ഒരു എംഎൽഎയുടെ വോട്ട് അസാധുവായി. ഹരിയാനയിൽ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപിയുടെ കൃഷൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മയും തിരഞ്ഞെടുക്കപ്പെട്ടു. അജയ് മാക്കന്റെ തോൽവി കോൺ​ഗ്രസിനെ ഞെട്ടിച്ചിരുന്നു.

Top