ഹരിയാന സംഘര്‍ഷം: നൂഹിലെ പൊലീസ് മേധാവി വരുണ്‍ സിംഗ്ലയെ സ്ഥലം മാറ്റി

ഗുരുഗ്രാം: വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഹരിയാനയിലെ നൂഹിലെ പൊലീസ് മേധാവി വരുണ്‍ സിംഗ്ലയെ സ്ഥലം മാറ്റി. 160 കിലോമീറ്റര്‍ അകലെയുള്ള ഭിവാനി ജില്ലയിലേക്കാണ് മാറ്റം. 2020 ഫെബ്രുവരി മുതല്‍ 2021 ഒക്ടോബര്‍ വരെ നൂഹിലെ പോലീസ് സേനയുടെ തലവനായിരുന്നു വരുണ്‍ സിംഗ്ല. വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ അവധിയിലായിരുന്ന വരുണ്‍ സിംഗ്ലക്ക് പകരം പൊലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാര്‍ണിയക്ക് തന്നെയാണ് പുതിയ ചുമതല.

അതേസമയം നൂഹ്, സോഹ്ന ജില്ലകളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച നൂഹില്‍ കര്‍ഫ്യൂ ഇളവ് നിലവില്‍വന്നിട്ടുണ്ട്. കാലത്ത് പത്തു മുതല്‍ ഉച്ച ഒന്നുവരെ ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായാണ് ഇളവ് അനുവദിച്ചതെന്ന് നൂഹ് ഡെപ്യൂട്ടി കമീഷണര്‍ പ്രശാന്ത് പന്‍വര്‍ പറഞ്ഞു.

ഇതുവരെ പൊലീസ് 93 കേസുകളെടുത്തിട്ടുണ്ട്. 180ഓളം പേര്‍ അറസ്റ്റിലായി. നൂഹില്‍ 46ഉം ഗുരുഗ്രാമില്‍ 23ഉം ഫരീദാബാദിലും രേവാരിയിലും മൂന്നു വീതവും പല്‍വലില്‍ 18ഉം കേസുകളാണ് എടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെക്കുന്നതും സ്വന്തം നിലക്ക് പോസ്റ്റുകളിടുന്നതും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാവരും സമാധാനത്തിനായി നിലകൊള്ളണെമന്നും അഭ്യര്‍ഥിച്ചു. പൊലീസിന് പുറമെ, അര്‍ധ സൈനികരും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Top