മദ്യലഹരിയില്‍ സ്ത്രീയെ ശല്യം ചെയ്ത ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

arrest

ഹരിയാന: മദ്യലഹരിയില്‍ സ്ത്രീയെ ശല്യം ചെയ്ത ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍.

ഛണ്ഡീഗഡിലെ മധ്യമാഗിലാണ് സംഭവം. ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാല ഉള്‍പ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി മദ്യ ലഹരിയില്‍ വഴിയില്‍ കണ്ട ഒരു സ്ത്രീയെ ശല്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

വികാസിന്റെ സുഹൃത്ത് ആശിഷ് കുമാറാണ് പിടിയിലായ രണ്ടാമന്‍. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.

ഇരുവരും നിയമ വിദ്യാര്‍ഥികളാണ്. 354 ഡി വകുപ്പ് അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുത്തതായി ഡിസിപി സതീഷ് കുമാര്‍ അറിയിച്ചു.

മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനു മുമ്പ് മൊഴി രേഖപ്പെടുത്തിയതായും ഡിസിപി കൂട്ടിച്ചേര്‍ത്തു.

വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്ന സ്ത്രീയെയാണ് ഇരുവരും പിന്തുടര്‍ന്ന് ശല്യം ചെയ്തത്. ഒരു സഫാരി കാര്‍ പിന്തുടരുകയും തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരി പൊലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് പൊലീസിന്റെ ഒരു സംഘം ഇവരെ ഹൌസിങ് ബോര്‍ഡ് ലൈറ്റ് പോയിന്റില്‍ വെച്ച് പിടികൂടുകയായിരുന്നു.

Top