ഹാര്‍വി കൊടുങ്കാറ്റ് : പൂര്‍വസ്ഥിതിയിലെത്താന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം വേണമെന്ന്‌ ഗവര്‍ണര്‍

ടെക്‌സാസ്: ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റ് വിതച്ച നാശത്തില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് നഗരത്തിന് മടങ്ങിയെത്താന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവരുമെന്നു ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെജ് അബോട്ട്.

നഗരത്തിലെ ശുചിത്വം വീണ്ടെടുക്കുന്നതിന് സംഘടിത യജ്ഞം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചില ദിവസമായി ഹൂസ്റ്റണില്‍ വീശിയടിച്ച ഹാര്‍വി കൊടുങ്കാറ്റിലും കനത്ത മഴയിലുമായി 46 പേരാണ് ഇതുവരെ മരിച്ചത്. ഇതിനുപുറമെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടമാണ് നേരിട്ടത്.

വെള്ളപ്പൊക്കത്തില്‍ ശുദ്ധജല വിതരണം തടസപ്പെട്ടതാണ് ജനങ്ങളെ കൂടുതല്‍ വലച്ചത്. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയോടെ ജലവിതരണം പൂര്‍വ്വ സ്ഥിതിയില്‍ എത്തിച്ചെങ്കിലും ലൂസിയാന നഗരത്തില്‍ ഇപ്പോഴും ജലവിതരണം പുന:സ്ഥാപിച്ചിട്ടില്ല. 1.2 ലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്.

ഹൂസ്റ്റണിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 590 കോടി ഡോളറിന്റെ അടിയന്തര ഫണ്ടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, പുനരധിവാസത്തിന് 12,500 കോടി ഡോളര്‍ എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്ന് ഗവര്‍ണര്‍ അബോട്ട് അറിയിച്ചു.

മഴ കുറഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ ജലനിരപ്പ് താണിട്ടുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ മേഖലയില്‍ 20 ട്രില്ല്യണ്‍ ഗ്യാലന്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

മഴയിലും വെള്ളപ്പൊക്കത്തിലും 93,492 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. വൈദ്യുത സംവിധാനം പൂര്‍ണമായും തടസപ്പെട്ടു. 35,000 വീടുകളിലാണ് വൈദ്യുതി നഷ്ടപ്പെട്ടിരിക്കുന്നത്. 42,000 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്.

ടെക്‌സാസിലെ 80 ശതമാനം ആളുകള്‍ക്കും വെള്ളപ്പൊക്ക ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല എന്നത് പുനരധിവാസത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. 3,11,000 ആളുകളാണ് ദുരിതാശ്വസ സഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, ഫണ്ട് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.

ഹൂസ്റ്റണ്‍ ദുരിതാശ്വാസ നിധിയിലേക്ക് പ്രസിഡന്റ് ട്രംപ് ഒരു ബില്ല്യണ്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് സഹായവുമായി ആളുകള്‍ എത്തുന്നുണ്ട്.

ഡെല്‍ ടെക്‌നോളജീസ് സിഇഒ മൈക്കിള്‍ ഡെല്ലും ഭാര്യ സൂസനും 36 മില്ല്യണ്‍ ഡോളറും, ടെക്‌സസിലെ മറ്റൊരു കുടുംബം 18 മില്ല്യണ്‍ ഡോളറും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Top