യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കിയാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. പിന്നീട് എകെജി സെന്ററില്‍ എത്തിയ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. കാസര്‍ഗോട് ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് സിപിഎം വിലയിരുത്തുന്നത്.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Top