ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു

SABARIMALA

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലിന് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുലര്‍ച്ചെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സ്‌കാനിയ ബസുകള്‍ക്ക് നേര കല്ലേറുണ്ടായി. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞത്. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിറുത്തിവച്ചു. മറ്റിടങ്ങളിലൊന്നും തന്നെ ഇതുവരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും യഥേഷ്ടം നിരത്തിലിറങ്ങി. ഒരിടത്തും വാഹനങ്ങള്‍ തടയുന്ന സ്ഥിതിവിശേഷവും ഇല്ല.

പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുതത്തിയിരിക്കുന്നത്. ശബരിമലയിലും ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിനിടെ 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ അക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. പമ്ബ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു. ഇന്ന് രാവിലെ പൊലീസ് സുരക്ഷയില്‍ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Top