ഡീന്‍ കുര്യാക്കോസിനും ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കുമെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം : മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ക്കെതിരെ കേസ് എടുക്കാമെന്ന് എ.ജി ഓഫീസിന്റെ നിയമോപദേശം.

പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെയും ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് നിയമോപദേശം.

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് 189 കേസുകളുണ്ട്. അതുകൊണ്ട് 189 കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കാം. ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് കെ.പി ശശികല, എസ്.ജെ.ആര്‍ കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍, ടി.പി സെന്‍കുമാര്‍, പി.എസ് ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, വി മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് നിയമോപദേശം.

അതേസമയം ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്നും വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

ഹര്‍ത്താലിനോടനുബന്ധിച്ച് ഒരുപാട് കേസില്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ പ്രതി ചേര്‍ക്കണമെന്നാണ് കോടതി പറയുന്നതെന്നും വിശദമായ വിശദീകരണം എഴുതി നല്‍കി കോടതിയെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫ് ആണ് എന്ന കാര്യം പരിഗണിച്ച് നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ഭാരവാഹികളായ കമറൂദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top