ഹര്‍ത്താലുകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരി സമൂഹം

കോഴിക്കോട്: തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരി സമൂഹം. ഇതിന്റെ ഭാഗമായി ഇനിയൊരു ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ ഒന്നടങ്കം തീരുമാനിച്ചു. മാസത്തില്‍ രണ്ടു ഹര്‍ത്താല്‍ വീതം നടക്കുന്നതിനാല്‍ ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന കാരണമാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതിനിടെ തിരുവനന്തപുരം പാങ്ങോട് ഹര്‍ത്താലിനെതിരെ ജനരോഷം. കട അടപ്പിക്കാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. ബിജെപി നേതാക്കള്‍ക്കുമുന്നില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍മാറി.

ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ പാലക്കാട്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍.

ഇതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിച്ചിരുന്നില്ല. മജിസ്‌ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.

Top