മാങ്കുളം പഞ്ചായത്തില്‍ ഇന്ന് ജനകീയ സമരസമിതിയുടെ ഹര്‍ത്താല്‍

ഇടുക്കി: മാങ്കുളം പഞ്ചായത്തില്‍ ഇന്ന് ജനകീയ സമരസമിതിയുടെ ഹര്‍ത്താല്‍. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മാങ്കുളം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്. മാങ്കുളം പെരുമ്പന്‍ക്കുത്തിലെ പവലിയനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിന്റെ ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാങ്കുളം ടൗണില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. പരിക്കേറ്റ മറ്റ് ജനപ്രതിനിധികളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാട് ഇന്നലെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നു.

കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനില്‍ പ്രവേശിച്ചതാണ് തര്‍ക്കങ്ങളുടെ തുടക്കം. പവലിയന്‍ സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. മാങ്കുളം പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ അടക്കം തടസ്സം നില്‍ക്കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുവാന്‍ വനംവകുപ്പ് നീക്കം നടത്തുന്നുവെന്നും ആരോപിച്ച് കാലങ്ങളായി മാങ്കുളത്തെ ജനങ്ങള്‍ വനം വകുപ്പിനെതിരെ പ്രതിഷേധത്തിലാണ്.പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സമരസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനൊപ്പം മാങ്കുളം ഡി എഫ് ഒ ഓഫീസിലേക്ക് കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ചും ഇന്ന് സംഘടിപ്പിക്കും. ഇതിനിടെ മാങ്കുളം സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. ഡിഎഫ്ഒ വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടാലറിയാവുന്ന നാട്ടുകാരുമാണ് കേസിലെ പ്രതികള്‍.

Top