ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ല; വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി

highcourt

കൊച്ചി: ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

എന്നാല്‍, കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്തിയിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കാസര്‍കോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്റെ സത്യവാങ്മൂലം മാത്രമാണ് ബെഞ്ചിലെത്തിയത്. കമറുദ്ദീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളില്‍ വന്നിരുന്നുവെന്ന് കോടതി പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തതെങ്കില്‍ അത് തെറ്റാണ് എന്നായിരുന്നു കമറുദ്ദീന്റെ വാദം.

അതേസമയം, മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെപ്പറ്റി അറിയില്ലെന്ന് പറയുന്നത് തെറ്റെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലുകളും പ്രതിഷേധങ്ങളും നടത്തുന്നതില്‍ തെറ്റില്ലെന്നും അത് ജനാധിപത്യപരമായ അവകാശമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണെന്നും എന്നാല്‍ മറ്റുള്ളവരും അതില്‍ ചേരണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണ് തെറ്റെന്നും കോടതി വ്യക്തമാക്കി.

Top