ഹര്‍ത്താല്‍ നേരിടുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും; വ്യക്തമാക്കി സര്‍ക്കാര്‍

harthal

തിരുവനന്തപുരം: ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍. ഹര്‍ത്താലിനിടെ ആവശ്യമുള്ള കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താലിനെതിരെ എന്ത് നടപടിയെടുത്തു എന്നും കോടതി ചോദിച്ചു. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ എന്നും കോടതി അറിയിച്ചിട്ടുണ്ട്.

നടപടികള്‍ ഉച്ചയ്ക്ക് ശേഷം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.

റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

Top