സംഘപരിവാർ പ്രവർത്തകർക്ക് ഉടൻ ജാമ്യം ലഭിക്കില്ല, ചക്രപൂട്ടിട്ട് പൊലീസ് . . !

ബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി ഉണ്ടായ ആക്രമണത്തില്‍ പ്രതികളായവര്‍ക്ക് പെട്ടന്ന് ജാമ്യം ലഭിക്കില്ല.

പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തില്‍ ഏര്‍പ്പെട്ടതിനും അടക്കം കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേതാക്കള്‍ ഉള്‍പ്പെടെ പ്രതികളാണ്.

വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അടക്കം പരിക്കുപറ്റിയതിനാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് പൊലീസ് നടപടി.

പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് ചേര്‍ക്കുന്നതോടെ ഈ പണം കെട്ടി വയ്ക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. പ്രധാന നേതാക്കള്‍ എല്ലാം മാറി നിന്ന് നടന്ന സംഘപരിവാര്‍ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

വാടാനപ്പള്ളി ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ എന്‍.ഡി.എഫ് – ബി.ജെ.പി സംഘര്‍ഷമായി പടര്‍ന്നത് പരക്കെ ഭീതി പടര്‍ത്തിയിട്ടുണ്ട്. വാടാനപ്പള്ളിയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയുടെ തുടര്‍ച്ചയായാണ് ഇവിടെ ചോര വീണത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധക്കാര്‍ ബോംബ് എറിഞ്ഞത് പൊലീസ് സേനയെയും അമ്പരപ്പിച്ചിട്ടുണ്ട്.

പാലക്കാട് ഉള്‍പ്പെടെ നിരവധി സി.പി.എം, സി.പി.ഐ ഓഫീസുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ വാഹനങ്ങളും നിരവധി സ്ഥലങ്ങളില്‍ തകര്‍ക്കപ്പട്ടു, വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമാണ് ഉണ്ടായത്. കോടികളുടെ നാശനഷ്ടം ഒറ്റ ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് കേരളത്തിലുണ്ടായി.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അക്രമികളെ കണ്ടെത്താന്‍ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ വ്യാപക റെയ്ഡ് നടത്താന്‍ പൊലീസ് ആസ്ഥാനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന ഐ.പി.എസുകാര്‍ മുതല്‍ സാധാരണ പൊലീസുകാരന്‍ വരെ കര്‍മ്മനിരതരായി തെരുവിലിറങ്ങിയതും ഈ ഹര്‍ത്താലിന്റെ ഒരു പ്രത്യേകതയാണ്.

നിരവധി പൊലീസ് ഉദ്യോഗസ്ഥരും ഹര്‍ത്താല്‍ അനുകൂലികളും മാധ്യമ പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രിയിലായിട്ടുണ്ട്. ശബരിമലയില്‍ പൊലീസ് അകമ്പടിയോടെ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗിച്ചാണ് സംഘ പരിവാര്‍ രംഗത്തിറങ്ങിയത്.

സര്‍ക്കാരും സി.പി.എമ്മും ഇതിനെ നേരിടാന്‍ കര്‍ശനമായി രംഗത്തിറങ്ങിയതോടെ തെരുവുകള്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറുകയായിരുന്നു.

ക്രമസമാധാന നില തകര്‍ന്നു എന്ന് ആരോപിച്ച് പിണറായി സര്‍ക്കാറിനെ പിരിച്ചു വിടുന്നതിനു വേണ്ടിയാണ് മന:പൂര്‍വ്വം സംഘപരിവാര്‍ കലാപം ഉണ്ടാക്കിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ആ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും ശക്തമായ പ്രതിരോധം തുടര്‍ന്നും ഉണ്ടാകുമെന്നും സി.പി.എം നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ഗവര്‍ണറില്‍ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായാണ് ലഭിക്കുന്ന വിവരം.

Top