Hartal Control Bill in coming assembly session, says Chennithala

തിരുവനന്തപുരം: കേരളത്തില്‍ ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള ബില്‍ നവംബര്‍ 30 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനൊപ്പം ദുര്‍ മന്ത്രവാദം തടയുന്നതിനുള്ള ബില്ലും നടപ്പിലാക്കും.

ബില്ലിനായി നിരവധി നിര്‍ദേശങ്ങള്‍ കിട്ടിയെന്നും അടുത്തയാഴ്ച എല്ലാ ജില്ലകളിലും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം അറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഹര്‍ത്താലിനെതിരെ കേരളത്തില്‍ നിരവധിയാളുകള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചത്. ഇത് ഹര്‍ത്താല്‍ നിരോധന ബില്ലല്ല. ഹര്‍ത്താല്‍ നിയന്ത്രണ ബില്ലാണെന്നും ഈ സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

മൂന്ന് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ആണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്ന ശിക്ഷ.

ആക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ബില്‍ പ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിനാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പൊലീസ് നിയമന തട്ടിപ്പ് കേസില്‍ തനിക്കൊരു ബന്ധവുമില്ലെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കട്ടെ. ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികള്‍ ഏതെങ്കിലും മന്ത്രിയുടെ പേരു വിളിച്ചു പറയുമ്പോള്‍ മാദ്ധ്യമങ്ങള്‍ അതിനു പിറകെ പോകുന്നത് ശരിയല്ല. ഈ സംഭവത്തില്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഒന്നും ഇതിന് പിറകെ പോയിട്ടില്ല. അവര്‍ക്ക് സത്യം മനസിലായി എന്നതിന് തെളിവാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top