ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം; തലശേരിയില്‍ ബോംബേറ്

Bomb blast

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തലശേരി ദിനേശ് ബീഡി കമ്പനിക്ക് സമീപം ബോംബേറുണ്ടാവുകയും ചെയ്തുയ

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരുക്കേറ്റു. കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഐഎം ഓഫീസിന് തീയിട്ടു.

കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

Top