‘രോഷാകുലരാകേണ്ട, നല്ല അവസരം ഷാക്കിബ് പാഴാക്കി! വിലക്ക് കുറഞ്ഞത് ഭാഗ്യം’; ഹര്‍ഷ ഭോഗ്ലെ

മുംബൈ: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ഷാക്കിബ് അല്‍ ഹസനെതിരെയുള്ള ഐസിസിയുടെ നടപടിയില്‍ പ്രതിഷേധിച്ചവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് പണ്ഡിതനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ രംഗത്ത്. ആരാധകരുടെ വിഷമം മനസിലാകും പക്ഷെ ശിക്ഷയില്‍ ഇളവ് കിട്ടിയത് അദ്ദേഹത്തിന്റെ ഭാഗ്യം എന്നായിരുന്നു ഭോഗ്‌ലെ പ്രതികരിച്ചത്.

ഹര്‍ഷ ഭോഗ്ലെയുടെ വാക്കുകള്‍;

‘ഷാക്കിബിനെതിരായ നടപടി കടുത്തതാണെന്ന് നിരവധി പേര്‍ പറയുന്നത് കണ്ടു. സത്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും കുറ്റം സമ്മതിച്ചതോടെ അത് ഒരു വര്‍ഷമായി കുറഞ്ഞിട്ടുണ്ട്. അതൊരു വലിയ ഭാഗ്യം തന്നെയാണ്. വിലക്ക് ബംഗ്ലാദേശ് ക്രിക്കറ്റില്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ക്രിക്കറ്റ് താരമാണ് ഷാക്കിബ്. അതിനാല്‍ ഒത്തുക്കളിക്കാരുടെ ഓഫറിനെ കുറിച്ച് ഐസിസിയെ അറിയിച്ച് അദ്ദേഹത്തിന് നല്ല മാതൃകയാകാമായിരുന്നു. ആ അവസരമാണ് ഷാക്കിബ് പാഴാക്കിയത്. ഷാക്കിബ് മാത്രമല്ല, ഒരു കളിക്കാരനും ഐസിസിയുടെ അഴിമതി വിരുദ്ധ നിയമങ്ങള്‍ക്ക് അതീതരല്ല. താഴ്ന്ന തലത്തില്‍ കളിക്കുന്നവര്‍ പോലും ഒത്തുകളി ശ്രമത്തെ കുറിച്ച് ഐസിസിയെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്. മൂന്ന് തവണ ശ്രമമുണ്ടായെന്നത് ഷാക്കിബിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്നതാണ്’

വാതുവെയ്പ്പുകാര്‍ തന്നെ സമീപിച്ച വിവരം ഷാക്കിബ് മറുവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഐസിസിയുടെ നടപടി. എന്നാല്‍ തങ്ങളുടെ പ്രിയ താരത്തിനെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ആരാധകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐസിസിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പ്രതിഷേധം അരങ്ങേറിയത്. തുടര്‍ന്നായിരുന്നു ഭോഗ്‌ലെ പ്രതികരണവുമായി എത്തിയത്.

Top