മാലിന്യപ്രശ്‌നത്തില്‍ ഹൈക്കോടതി വിമര്‍ശനം; കളമശ്ശേരി മാലിന്യക്കൂമ്പാരം, എത്രയും വേഗം നീക്കണം

മാലിന്യപ്രശ്‌നത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കളമശ്ശേരി മേഖല മാലിന്യക്കൂമ്പാരമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എച്ച്എംടി, കൊച്ചി മെട്രോ പരിസരങ്ങളും നിര്‍ദ്ദിഷ്ട ജുഡീഷ്യല്‍ സിറ്റി പരിസരവും മാലിന്യമയമാണ്. എത്രയും പെട്ടെന്ന് തന്നെ മാലിന്യം നീക്കണമെന്നും കളശ്ശേരി നഗരസഭയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

രണ്ട് ജഡ്ജിമാര്‍ മാര്‍ച്ച് ആറിന് ബ്രഹ്‌മപുരം സന്ദര്‍ശിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസും പി ഗോപിനാഥുമാണ് സന്ദര്‍ശനം നടത്തുന്നത്. മാര്‍ച്ച് ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്ലാന്റിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് മാലിന്യ പ്ലാന്റ് സന്ദര്‍ശിക്കുന്നത്.

ബിപിസിഎല്‍ പ്ലാന്റിന്റെ നിര്‍മ്മാണം ഉള്‍പ്പടെ സംഘം പരിശോധിക്കും. കഴിഞ്ഞ ദിവസം ബ്രഹ്‌മപുരത്തുണ്ടായ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതായി സര്‍ക്കാരിനെ അറിയിച്ച ബെഞ്ച് ഇനി തീപിടിത്തം ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു. തീ അണയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജഡ്ജിമാരുടെ സന്ദര്‍ശനത്തിന് മുമ്പ് അഗ്നിരക്ഷാ സേനയുടെ പ്രദേശിക തലവന്മാര്‍ മാലിന്യപ്ലാന്റിലുണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

Top