കിരീടങ്ങള്‍ക്കൊപ്പം വ്യക്തിഗത നേട്ടങ്ങൾ തേടി ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിൽ

മ്യൂണിക്ക്: വലിയ ആഗ്രഹങ്ങളോട് കൂടിയാണ് ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലെത്തിയത്. കിരീടങ്ങള്‍ നേടുന്നതിനൊപ്പം, വ്യക്തിഗത നേട്ടങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് നായകന്‍. ഇംഗ്ലീഷ് ക്ലബ് ടോട്ടനവുമായുള്ള ദീര്‍ഘകാല ബന്ധം ബന്ധം അവസാനിപ്പിച്ചാണ് ഹാരി കെയ്ന്‍ ജര്‍മന്‍ ക്ലബിലേക്ക് വരുന്നത്. ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും കരിയറില്‍ ഇതുവരെ ഒരു കിരീടം നേടാനായില്ലെന്ന കുറവ് നികത്താനായിരുന്നു ഈ കൂടുമാറ്റം.

ബയേണിനൊപ്പം ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗുമെല്ലാം കെയ്ന്‍ ആഗ്രഹിക്കുന്നു. ഇതിനൊപ്പം മറ്റൊരു മോഹം കൂടിയുണ്ട് ഇംഗ്ലണ്ട് നായകന്. ഏതൊരു ഫുട്‌ബോളറും കൊതിക്കുന്ന ബാലണ്‍ ഡോര്‍. താന്‍ ഗോളുകള്‍ അടിക്കുകയും ടീം ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗും നേടിയാല്‍ ബാലണ്‍ ഡോര്‍ നേടാനുള്ള സാധ്യതയുണ്ടെന്നാണ് കെയ്ന്‍ പറയുന്നത്. പ്രീമിയര്‍ ലീഗില്‍ മൂന്ന് തവണയും ലോകകപ്പില്‍ ഒരു തവണയും ഗോള്‍ഡന്‍ ബൂട്ട് നേടിയ കെയ്ന്‍ പക്ഷെ ടീമിനൊപ്പം കിരീടം നേടാനാവാതെ പോയതാണ് ബാലണ്‍ ഡോര്‍ മത്സരത്തില്‍ പുറകോട്ട് പോകന്‍ കാരണം.

ഇനി അതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബയേണ്‍ മ്യൂനിക്കിന്റെ ഒന്പതാം നമ്പര്‍താരം. പ്രീമിയര്‍ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാകാനുള്ള അവസരം വേണ്ടെന്ന് വച്ചായിരുന്നു കെയ്ന്‍ ബയേണിലേക്ക് ചേക്കേറിയത്. ഭാവിയില്‍ ഒരു പക്ഷെ പ്രീമിയര്‍ ലീഗില്‍ മടങ്ങിയെത്തിയേക്കാമെന്നും ആ റെക്കോര്‍ഡ് നേടാനാവുമെന്നും കെയ്ന്‍ പറയുന്നു. 260 ഗോളുകളുള്ള അലന്‍ ഷിയററുടെ പേരിലാണ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടയുടെ റെക്കോര്‍ഡ്. കെയ്‌ന്റെ പേരില്‍ 213 ഗോളുകളുണ്ട്.

Top