ഹാരിയ്ക്കും മേഗനും ആണ്‍കുഞ്ഞ്; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം കിരീടാവകാശി എത്തി

ലണ്ടന്‍ : ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വന്നു. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളിനും ഒരു ആണ്‍കുഞ്ഞ് ജനിച്ചു. മേഗന്‍ ഇന്നലെ പുലര്‍ച്ചെ 5.26 നാണ് കുഞ്ഞിനു ജന്മം നല്‍കിയത്.

ഹാരി രാജകുമാരന്റേയും മേഗന്റേയും കുഞ്ഞ് ബ്രിട്ടിഷ് സിംഹാസത്തിനുള്ള 7-ാമത്തെ അവകാശിയാണ്. എലിസബത്ത് രാജ്ഞിക്കുശേഷം മകന്‍ ചാള്‍സ് രാജകുമാരനാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ അടുത്ത കിരീടവകാശി. അതിനുശേഷം ചാള്‍സിന്റെ മകനും ഹാരിയുടെ മൂത്ത സഹോദരനുമായ വില്യം രാജകുമാരനായിരിക്കും ആ സ്ഥാനത്തിനര്‍ഹനാകുക. വില്യമിന്റെയും ഭാര്യ കെയ്റ്റിന്റെയും 3 മക്കളുടെ കൂടി ഊഴം കഴിഞ്ഞായിരിക്കും ഹാരിക്ക് രാജാവാകാന്‍ അവസരം. അതു കഴിഞ്ഞായിരിക്കും ഹാരിയുടേയും മേഗന്റേയും കുട്ടി കിരീടധാരിയാകുക.

മേഗന്‍ മാര്‍ക്കിള്‍ അമേരിക്കയിലെ അറിയപ്പെടുന്ന നടി കൂടിയാണ്. ഹാരിക്ക് ഡ്യൂക്ക് ഓഫ് സസക്‌സ് എന്നും മേഗന് ഡച്ചസ് ഓഫ് സസക്‌സെന്നുമാണ് ഔദ്യോഗിക സ്ഥാനപ്പേരുകള്‍. ഇവരുടെ കുഞ്ഞിന് ‘രാജകുമാരന്‍’ എന്നു കൂടി പേരിനൊപ്പം ചേര്‍ക്കണമെങ്കില്‍ ചട്ടപ്രകാരം എലിസബത്ത് രാജ്ഞിയുടെ അനുവാദം ആവശ്യമാണ്.

Top