ഹാരിസണ്‍ കേസ് ; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ഹാരിസണ്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ,കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ട്. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെയാണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഹാരിസണ്‍ മലയാളം അധികൃതര്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലര്‍ക്കും വിറ്റെന്നും ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

വന്‍കിട കൈയ്യേറ്റക്കാരുടെ കൈവശമുള്ള റവന്യൂ ഭൂമി തിരിച്ചു പിടിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും ഹൈക്കോടതി റദ്ദാക്കി. റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്.

തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂലമായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും അന്തിമവിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Top