ഉത്തര്‍പ്രദേശില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറുടെ അവഹേളനം

passport

ലക്‌നൗ: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറുടെ അവഹേളനം. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയാണ് സംഭവം. ദമ്പതികളില്‍ മുസ്‌ലീമായ യുവാവിനോട് ഹിന്ദു മതത്തിലേക്ക് മാറാനും യുവതിയോട് പേര് മാറ്റാനും ആവശ്യപ്പെട്ടായിരുന്നു അവഹേളിച്ചത്. ഇതിനു തയ്യാറാവാതിരുന്നതോടെ ദമ്പതികള്‍ക്കു നേരെ ഇയാള്‍ ആക്രോശിക്കുകയും ചെയ്തു.

ലക്‌നൗ പാസ്‌പോര്‍ട്ട് സേവ കേന്ദ്രയിലെ വികാസ് മിശ്ര എന്ന പാസ്‌പോര്‍ട്ട് ഓഫീസറാണ് മുഹമ്മദ് അനസ് സിദ്ദിഖി, തന്‍വി സേത്ത് ദമ്പതികളോട് അപമര്യാദയായി പെരുമാറിയത്. സംഭവം വിവാദമായതോടെ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തു. വികാസ് മിശ്രയെ സ്ഥലം മാറ്റുകയും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പീയുഷ് മിശ്ര അറിയിച്ചു. ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കിയതായും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007ലാണ് മുഹമ്മദ് അനസ് സിദ്ദിഖിയും തന്‍വി സേത്തും വിവാഹിതരാവുന്നത്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതിനു ശേഷം അവസാന ഘട്ട നടപടിക്രമങ്ങള്‍ക്കായി എത്തിയതായിരുന്നു ദമ്പതികള്‍. ആദ്യം തന്‍വിയെയാണ് ഓഫീസര്‍ വിളിപ്പിച്ചത്. ഇവരുടെ രേഖകളില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് അനസിന്റെ പേരു കണ്ടതോടെ തന്‍വിയോട് അവരുടെ പേരു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഇതിനു തയാറാവാതിരുന്നതോടെ ഓഫീസര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് തന്‍വിയോട് ആക്രോശിക്കുകയായിരുന്നു.

പിന്നീട് ഉദ്യോഗസ്ഥന്‍ അനസിനെ വിളിപ്പിച്ച് അദ്ദേഹത്തോട് മതം മാറാന്‍ ആവശ്യപ്പെട്ടു. മതം മാറിയില്ലെങ്കില്‍ വിവാഹം അംഗീകരിക്കില്ലെന്നും ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ ദമ്പതികള്‍ തങ്ങള്‍ക്കു നേരിട്ട ദുരവസ്ഥ വിവരിച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്യുകയായിരുന്നു.

Top