സ്മാര്‍ട് ഫോണുകളില്‍ ഹാര്‍മണി ഒഎസ് ഉടന്‍ ഉപയോഗിക്കുന്നില്ലെന്ന് വാവെ

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേ ഉല്‍പ്പന്നങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് അടക്കമുള്ള ടെക്നോളജി ഉപയോഗിക്കുന്നതിന് അമേരിക്ക നല്‍കിയിരിക്കുന്ന 90 ദിവസത്തെ ഇളവ് ഓഗസ്റ്റ് 19ന് അവസാനിക്കുകയാണ്. ചിലപ്പോള്‍ ഇളവു നീട്ടുകയോ അല്ലെങ്കില്‍ വാവെയുമായുള്ള അമേരിക്കന്‍ കമ്പനികളുടെ ഇടപാടുകള്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെടുകയോ ചെയ്യാം. എന്നാല്‍ ഇതിനിടെ ആന്‍ഡ്രോയിഡ് വിലക്ക് നേരിടാന്‍ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി ഒഎസ് വാവേ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ സ്മാര്‍ട് ഫോണുകളില്‍ തങ്ങളുടെ ഹാര്‍മണി ഒഎസ് ഉപയോഗിക്കാന്‍ വാവെ തത്കാലം ഇഷ്ടപ്പെടുന്നില്ല എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട് ടിവികളിലും സ്മാര്‍ട് വാച്ചുകളിലും ടാബുകളിലും വാവെയ്ക്ക് സ്വന്തം ഒഎസ് ഉപയോഗിച്ചാലും സ്മാര്‍ട് ഫോണുകളില്‍ ഹാര്‍മണി ഒഎസ് ഉപയോഗിക്കാന്‍ കമ്പനിക്ക് ആത്മവിശ്വാസം പോരാ എന്നാണ് സൂചന.

ഹാര്‍മണി ഒഎസ് ഫോണുകളിലും പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. എന്നാല്‍ ഉടനെയൊന്നും ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. തങ്ങളെ ആന്‍ഡ്രോയിഡ് പരിസ്ഥിതിയില്‍ നിന്നു ബലമായി പുറത്താക്കിയാല്‍ മാത്രമായിരിക്കും ഫോണുകളില്‍ പുതിയ ഒഎസ് ഉപയോഗിക്കുക എന്ന നിലപാടാണ് കമ്പനി ഇപ്പോള്‍ എടുത്തിരിക്കുന്നത്.

വാവെയുടെ ഹാര്‍മണി ഒഎസ് ആന്‍ഡ്രേയിഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ടെക് ലോകം പറയുന്നത്. ഇതുപയോഗിച്ചുള്ള ഫോണുകള്‍ ചൈനയില്‍ വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യും. എന്നാല്‍ നേരിട്ട് ഹാര്‍മണി ഒഎസിലേക്കു കടന്നാല്‍ വിദേശ വിപണികളില്‍ സ്വീകാര്യത ലഭിക്കില്ല. ഇതാണ് തല്‍ക്കാലത്തേയ്ക്ക് സ്മാര്‍ട്ട് ഫോണുകളില്‍ ഹാര്‍മണി ഒഎസ് ഉപയോഗിക്കാതിരിക്കുന്നത്. സ്മാര്‍ട് വാച്ചുകളിലും ടിവികളിലും വാഹനങ്ങളിലും സ്മാര്‍ട് സ്പീക്കറുകളിലും എല്ലാം ഉപയോഗിച്ച ശേഷം മാത്രമായിരിക്കും സ്മാര്‍ട് ഫോണില്‍ ഹാര്‍മണി ഒഎസ് ഉപയോഗിക്കൂ.

അതേസമയം ഹാര്‍മണി ഓഎസിന്റെ ആദ്യ ഉപകരണങ്ങള്‍ വാവെ പുറത്തിറക്കിയിരുന്നു. വാവേയുടെ ഉപബ്രാന്റായ ഓണറാണ് ഹാര്‍മണി ഓഎസിന്റെ രണ്ട് സ്മാര്‍ട് ടെലിവിഷനുകള്‍
പുറത്തിറക്കിയത്. 55 ഇഞ്ച് വലിപ്പമുള്ള 4കെ ടെലിവിഷനുകളാണിത്. രണ്ട് ജിബി റാം ശേഷിയുള്ള, 16 ജിബി സ്റ്റോറേജ്, 32 ജിബി സ്റ്റോറേജ് പതിപ്പുകളാണിവ.

ഹോങ്ഗു 818 ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്പ്‌സെറ്റ്, എഐ ക്യാമറ എന്‍പിയു ചിപ്പ്‌സെറ്റ്, ഹൈസിലിക്കണ്‍ ഹൈ1103 വൈഫൈ ചിപ്പ്‌സെറ്റുമാണ് ഈ ഹോണര്‍ വിഷന്‍ പരമ്പരയില്‍ പെട്ട ഈ സ്മാര്‍ട് ടിവികളിലുള്ളത്. പോപ്പ് അപ്പ് ക്യാമറ സംവിധാനവും ഇതിലുണ്ട്.

ഹോങ്ഗു 808 ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്പ്‌സെറ്റ് ഒരു ഒക്ടാകോര്‍ പ്രൊസസറാണ്. ഏഴ് അത്യാധുനിക ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യകളും, മാജിക് ഇമേജ് പ്രൊസസിങ് എഞ്ചിനും ഇതിനുണ്ട്.

ടിവിയുടെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഹൈസിലിക്കണ്‍ ഹൈ3516ഡിവി300 എന്‍പിയു ചിപ്പ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നത്. ഫെയ്‌സ് ഡിറ്റക്ഷന്‍, ബോഡി ട്രാക്കിങ്, പോസ്റ്റര്‍ ഡിറ്റക്ഷന്‍ തുടങ്ങിയ കഴിവുകള്‍ ടെലിവിഷനുണ്ടാവും.

ചൈനീസ് ചാരവൃത്തി ആരോപിച്ചാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്.

Top