ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഹര്‍മിലന്‍ ബെയിന്‍സിന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇന്ത്യയുടെ ഹര്‍മിലന്‍ ബെയിന്‍സിന് വെള്ളി. രണ്ട് മിനിറ്റും മൂന്ന് സെക്കന്റും 75 മില്ലി സെക്കന്റുമെടുത്തുമാണ് ഹര്‍മിലന്‍ ഫിനിഷിങ് പോയിന്റിലെത്തിയത്. ആദ്യ 400 മീറ്റര്‍ പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ഹര്‍മിലന്‍. എന്നാല്‍ അവസാന റൗണ്ടുകളില്‍ ഹര്‍മിലന്‍ മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസ് 11 ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 81ലേക്ക് ഉയര്‍ന്നു. 18 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ വേട്ടയാണിത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

2002ലെ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്ന മാധുരി സിങ്ങിന്റെ മകളാണ് ഹര്‍മിലന്‍. രണ്ട് പതിറ്റാണ്ടിന് ശേഷം ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. പഞ്ചാബ് സ്വദേശിയാണ് 25കാരിയായ ഹര്‍മിലന്‍.

 

 

Top