വനിതാ ഐപിഎൽ: മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് നയിക്കും

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെ നിയമിച്ചു. ശനിയാഴ്ച ഗുജറാത്ത് ജയന്റ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യമത്സരം. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമായ ഹര്‍മന്‍പ്രീത് നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്. താരലേലത്തില്‍ 1.8കോടി രൂപയ്ക്കാണ് ഹര്‍മന്‍പ്രീതിനെ മുംബൈ സ്വന്തമാക്കിയത്. അമേലി കെര്‍, പൂജ വസ്ത്രാകര്‍, യസ്തിക ഭാട്ടിയ തുടങ്ങിയവരും മുംബൈ നിരയിലുണ്ട്. ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സാണ് മുഖ്യ പരിശീലക. ജുലന്‍ ഗോസ്വാമിയാണ് ബൗളിംഗ് കോച്ചും ഉപദേഷ്ടാവും.

കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബേത് മൂണിയെ നിയമിച്ചിരുന്നു. വനിതാ ലീഗില്‍ ക്യാപ്റ്റനാക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ് മൂണി. നേരത്തെ, അഷ്ലി ഗാര്‍ഡ്നറെ ഗുജറാത്ത് ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. യുപി വാരിയേഴ്സിനെ നയിക്കുന്നത് അലീസ ഹീലിയാണ്. വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ കിരീടം നേടുമ്പോള്‍ മൂണിയാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 53 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 74 റണ്‍സ് നേടിയിരുന്നു. മൂണിയുടെ കരുത്തില്‍ ഓസീസ് 157 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനാണ് സാധിച്ചത്.

ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മൂണി. 83 മത്സരങ്ങളില്‍ 2350 റണ്‍സാണ് 29കാരിയുടെ സമ്പാദ്യം. 40.51 ശരാശരിയിലാണ് മൂണിയുടെ നേട്ടം. 124.60 സ്ട്രൈക്ക് റേറ്റുണ്ട് മൂണിക്ക്. ടി20യില്‍ രണ്ട് സെഞ്ചുറികളും താരം സ്വന്തം പേരില്‍ ചേര്‍ത്തു. 18 അര്‍ധ സെഞ്ചുറികളും മൂണിക്കുണ്ട്. ഇത്തരത്തിലൊരു വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മൂണി പ്രസ്താവനയില്‍ വ്യക്തമാക്കി.

Top