ഹര്‍മന്‍പ്രീതിന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകാന്‍ യോഗ്യതയില്ലെന്ന് മിതാലിയുടെ മാനേജര്‍

ന്യൂഡല്‍ഹി: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ നിന്ന് സീനിയര്‍ താരം മിതാലി രാജിനെ ഒഴിവാക്കിയ വിവാദം പുകയുന്നു. പക്വതയില്ലാത്ത ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യ അല്ലെന്ന് മിതാലിയുടെ മാനേജര്‍ അനീഷ ഗുപ്ത പറഞ്ഞു. കാര്യങ്ങളെ വളച്ചൊടിക്കുന്ന ടീമിന് യോജിക്കാത്ത ക്യാപ്റ്റനാണ് ഹര്‍മന്‍ പ്രീത് എന്നാണ് മിതാലിയുടെ മാനേജര്‍ മത്സരത്തിന് ശേഷം ഹര്‍മന്‍ പ്രീതിനെ വിശേഷിപ്പിച്ചത്. ഹര്‍മന്‍ പ്രീതിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം മിതാലിയുടെ മാനേജര്‍ അനീഷ ഗുപ്ത നീക്കം ചെയ്തതിന് പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ടും ഡിലീറ്റ് ചെയ്തു.

അതേസമയം, മിതാലി രാജിനെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇത്തരം നീക്കങ്ങള്‍ പതിവാണെന്നാണ് ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ പറയുന്നത്.

‘ഞങ്ങളുടെ തീരുമാനമെല്ലാം ടീമിന് വേണ്ടിയാണ്. ചിലപ്പോള്‍ അത് നല്ലതുമാകാം, ചിലപ്പോള്‍ തിരിച്ചും. അതില്‍ കുറ്റബോധമില്ല. ടൂര്‍ണമെന്റിലെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഒരു യുവനിരയായത് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി,’ ഹര്‍മ്മന്‍പ്രീത് പറഞ്ഞു.

ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും നിര്‍ണ്ണായകമായത് മിതാലി രാജിന്റെ പ്രകടനമായിരുന്നു. രണ്ട് അര്‍ദ്ധ സെഞ്ചുറികളാണ് ടൂര്‍ണമെന്റില്‍ മിതാലി സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെയും അയര്‍ലണ്ടിനെതിരെയും ഇന്ത്യ അനായാസം വിജയിച്ചത് മിതാലിയുടെ ബാറ്റിലൂടെയായിരുന്നു.

Top