harley ride to indian smaller cities logs faster growth

മുബൈ:ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യു എസ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍ ഒരുങ്ങുന്നു. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചെറു പട്ടണങ്ങളിലാണു വില്‍പ്പന വളര്‍ച്ചയ്ക്കു സാധ്യതയേറെയെന്ന തിരിച്ചറിവിലാണു കമ്പനി.

യുവതലമുറയെ ലക്ഷ്യമിട്ട് ഹാര്‍ലി ഡേവിഡ്‌സന്‍ റൈഡിങ് എക്‌സ്പീരിയന്‍സ് പങ്കുവയ്ക്കാനും കമ്പനി തീവ്രശ്രമം നടത്തുന്നുണ്ട്. സാന്നിധ്യം രാജ്യവ്യാപകമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്.

ആഗോള വിപണികളെ പോലെ ഇന്ത്യയിലും മെട്രോ നഗരങ്ങളിലെ വില്‍പ്പന വളരെ അധികമാണെന്നു ഹാര്‍ലി ഡേവിഡ്‌സന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിക്രം പാവ പറഞ്ഞു.

പക്ഷേ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച സമ്മാനിക്കുന്നത് രാജ്യത്തെ ചെറു നഗരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ വിപണന ശൃംഖല വിപുലീകരണത്തില്‍ ഇരു വിഭാഗത്തിനും തുല്യ പരിഗണനയാണു കമ്പനി നല്‍കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വടക്കു കിഴക്കന്‍ മേഖലയിലെ പ്രമുഖ നഗരമായ ഗുവാഹത്തിയിലാണു ഹാര്‍ലി ഡേവിഡ്‌സന്റെ പുതിയ ഡീലര്‍ഷിപ് പ്രവര്‍ത്തനം ആരംഭിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു മൊത്തത്തിലുള്ള വിപണന കേന്ദ്രമായി ഈ ഷോറൂം മാറുമെന്ന് വിക്രം പാവ അഭിപ്രായപ്പെട്ടു.

Top