ആരെ വിശ്വസിച്ചില്ലങ്കിലും സി.പി.എമ്മിനെ വിശ്വസിക്കാം, രാഹുലിനോട് സോണിയ . . .

വാജ്‌പേയിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നിറക്കിയ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെപ്പോലൊരു ഇടതുനേതാവിനെ പ്രതീക്ഷിച്ച് കോണ്‍ഗ്രസ്. അധികാരത്തിനുവേണ്ടി തമ്മിലടിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കാവുന്ന രാഷ്ട്രീയ പങ്കാളിയായി സി.പി.എമ്മിനെയും ഇടതുപക്ഷത്തെയുമാണ് കോണ്‍ഗ്രസ് എന്നും നോക്കികണ്ടിരുന്നത്.

വാജ്‌പേയിയുടെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതരസര്‍ക്കാരിനെ അധികാരത്തിലേറ്റിയ കിങ്‌മേക്കര്‍ അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു.

എന്‍.ഡി.എക്ക് 181 സീറ്റ് ലഭിച്ചിട്ടും തമ്മില്‍തല്ലി നിന്ന പ്രതിപക്ഷകക്ഷികളെ കൂട്ടിയോജിപ്പിച്ച് 218 സീറ്റുമായി കോണ്‍ഗ്രസ് ഭരണത്തിന് വഴിയൊരുക്കിയത് സുര്‍ജിത്തിന്റെ തന്ത്രപരമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്.

സോണിയയില്‍ വിദേശ പൗരത്വം ആരോപിച്ച സംഘപരിവാറിനെ പ്രതിരോധത്തിലാക്കി സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ എസ്.പിയും ബി.എസ്.പയുമടക്കം വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളെ യു.പി.എ എന്ന പേരില്‍ ഒരുകുടക്കീഴില്‍ അണിനിരത്താനും അന്ന് സുര്‍ജിത്തിനു കഴിഞ്ഞു.

ഡല്‍ഹിയില്‍ സോണിയയുടെ ചായസല്‍ക്കാരങ്ങളിലെ ബുദ്ധികേന്ദ്രവും സുര്‍ജിത്തായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്കുവരാതെ മന്‍മോഹന്‍സിങിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കുകയായിരുന്നു സോണിയ . ഭരണത്തില്‍ സി.പി.എമ്മും ഇടതുകക്ഷികളും വേണമെന്ന നിര്‍ബന്ധവും സോണിയയുടെ ഭാഗത്തുന്നിന്നുമുണ്ടായി . ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്.

കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളികളായില്ലെങ്കിലും സ്പീക്കര്‍ സ്ഥാനമേറ്റെടുത്ത് സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതില്‍ സുര്‍ജിത്തും ജ്യോതിബസുവും തുടര്‍ന്ന് പങ്കാളികളായി.

ലോക്‌സഭാ സ്പീക്കറായി സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജി നല്ലപോലെ തിളങ്ങിയ കാലമായിരുന്നു അത്. 59 എം.പിമാരുള്ള ഇടതുപക്ഷമായിരുന്നു ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കരുത്ത്. 39 സീറ്റുള്ള സമാജ്‌വാദി പാര്‍ട്ടിയുടെയും 19 സീറ്റുള്ള ബി.എസ്.പിയുടെയും പുറമെനിന്നുള്ള പിന്തുണ യു.പി.എ സഖ്യത്തിന് ഉറപ്പിക്കുന്നതിലും സുര്‍ജിത്തിന്റെ ഇടപെടലായിരുന്നു കോണ്‍ഗ്രസിന് തുണയായിരുന്നത്.

വിശ്വസിക്കുന്ന രാഷ്ട്രീയ പങ്കാളിയാണ് ഇടതുപക്ഷമെന്ന് അന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ഒട്ടേറെ ജനോപകാര പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും ഒന്നാം യു.പി.എയില്‍ ഇടതുപക്ഷ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു.

പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ കടുംപിടുത്തത്തിലാണ് ഇന്ത്യാ- അമേരിക്ക ആണവകരാറിന്റെ പേരില്‍ 2008ല്‍ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നത്.എന്നാല്‍ പിന്നീട് സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും അടക്കം പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസത്തെ അതിജീവിച്ച് ഭരണം നിലനിര്‍ത്തുകണ് ഉണ്ടായത് .

2009 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ 262 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.പി.എ വീണ്ടും അധികാരത്തിലേറി. കോണ്‍ഗ്രസിനുമാത്രം 206 സീറ്റാണ് അന്ന് ലഭിച്ചിരുന്നത്.

കേന്ദ്രഭരണത്തില്‍ നിയന്ത്രിക്കാന്‍ ഇടതുപക്ഷമില്ലാതായതോടെ അഴിമതിയില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കൂപ്പുകുത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അഴിമതിക്കെതിരെ ലക്ഷ്മണ രേഖവരക്കാന്‍ പൊതുമിനിമം പരിപാടിയുമായി ഇടതുനേതാക്കളുടെ കടുംപിടുത്തമില്ലാതായതോടെ ഘടകകക്ഷി മന്ത്രിമാര്‍ മന്ത്രാലയങ്ങളെ സ്വന്തം സാമ്രാജ്യമാക്കി മാറ്റുകയായിരുന്നു.

ഡി.എം.കെ അടക്കമുള്ള സഖ്യകക്ഷികള്‍ വലിയ അഴിമതികള്‍ നടത്തിയപ്പോഴും വിലക്കാനാവാതെ കാഴ്ചക്കാരന്റെ റോളിലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. 1.76 ലക്ഷം കോടിയുടെ 2ജി സ്‌പെട്ക്രം അഴിമതി അടക്കമുള്ള കുംഭകോണങ്ങളാണ് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയത്.

അഴിമതിയില്‍ മുഖം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്താണ് 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെപ്പോലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലായുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിനെ പ്രതീക്ഷയോടെ കാക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.

രാഹുല്‍ഗാന്ധി ഏറെ വിശ്വാസ്യതയര്‍പ്പിക്കുന്ന നേതാവാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ ഈ പിന്തുണയും നിരസിക്കുകയായിരുന്നു.

ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനേക്കാളും കോണ്‍ഗ്രസിന് വിശ്വാസം യെച്ചൂരിയെയും സി.പി.എമ്മിനെയുമാണ്. അഖിലേഷ്, മായാവതി, കെജ്‌രിവാള്‍ അടക്കമുള്ള കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമാണ് യെച്ചൂരിക്കുള്ളത്.

തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ബി.ജെ.പിക്കെതിരെയുള്ള മതേതരസഖ്യം ഉണ്ടാവുകയെന്ന രാഷ്ട്രീയ നിലപാട് യെച്ചൂരി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യു.പി.എ മോഡലില്‍ ഒരു മതേതര സര്‍ക്കാരിനെയാണ് പലരും പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സി.പി.എം നിലപാട് സ്വീകരിക്കുക.


Express Kerala View

Top