ഗു‌ർമീതിന്റെ ജയിലിലെ സന്ദർശന പട്ടികയിൽ നിന്ന് ഭാര്യ ഹർജീത് കൗർ പുറത്ത്

ചണ്ഡീഗഡ്: ബലാത്സംഗകേസില്‍ ജയിലിലടയ്ക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ജയിലിലെ സന്ദർശന പട്ടികയിൽ ഭാര്യ ഹർജീത് കൗറിന്റെ പേരില്ല.

ബലാത്സംഗകേസില്‍ 20 വർഷം തടവ് ശിക്ഷയാണ് കോടതി ഗു‌ർമീത് റാം റഹീം സിംഗിന് നൽകിയത്.

ദത്തെടുത്ത മകളും ഗുർമീതിന്റെ പിൻഗാമിയാവുമെന്ന് കരുതപ്പെടുന്ന ഹണിപ്രീത് സിംഗിന്റെ പേരാണ് പട്ടികയിൽ ആദ്യത്തേത്.

മകൻ ജസ്‌മീത് ഇൻസാൻ, മരുമകൾ ഹുസൻപ്രീത് ഇൻസാൻ, പെൺമക്കളായ ചരൺപ്രീത്, അമർപ്രീത്, മരുമകന്മാരായ ഷാൻ ഇ മീത്, റൂഹ് ഇ മീത്, ഗുർമീതിന്റെ അമ്മ നസീബ് കൗർ, ദേരാ സൗധയുടെ ചെയർമാൻ വിപാനസ, അടുത്ത അനുയായിയായ ദാൻ സിംഗ് എന്നിങ്ങനെയാണ് മറ്റ് പേരുകൾ.

ഗു‌ർമീത് ജയിലിൽ ആയതിന് പിന്നാലെ ഹണിപ്രീത് ഒളിവിൽ പോയിരുന്നു. ഇവരെ കണ്ടെത്താൻ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

തടവുകാർ നൽകുന്ന പട്ടിക അനുസരിച്ചാണ് സന്ദർശകരെ അനുവദിക്കാറുള്ളത്. പട്ടികയിലില്ലാത്തവരെ ജയിൽ സന്ദർശനത്തിന് അനുവദിക്കാറുമില്ല.

പൊലീസിന്റെ പരിശോധനയും മറ്റ് നടപടിക്രമങ്ങളും വേഗത്തിൽ നടക്കുന്നതിന് വേണ്ടിയാണ് തടവുകാരിൽ നിന്ന് പട്ടിക എഴുതി വാങ്ങുന്നത്.

ഗുർമീത് നൽകിയ പട്ടികയിൽ ഉള്ളവരെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല.

Top