ഒരു മാസത്തിനിടെ ഗുര്‍മീതിന് ഹരിയാന മന്ത്രിമാര്‍ സംഭാവന നല്‍കിയത് 1.12 കോടി

ന്യൂഡല്‍ഹി: ദേറാ സച്ചാ സൗദാ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം എന്നും ഹരിയാനയിലെയും പഞ്ചാബിലെയും മന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഇഷ്ടദൈവമായിരുന്നു.

ബലാത്സംഗകുറ്റത്തിന് ശിക്ഷ ലഭിച്ച് ജയിലേക്ക് പോയിട്ടും കോടതി വിധിയുടെ മറവില്‍ കലാപമുണ്ടാവുകയും മുപ്പതിലേറെ പേര്‍ മരിക്കുകയും ചെയ്തിട്ടും ഹരിയാന മന്ത്രിമാര്‍ അടക്കം ഗുര്‍മീതിന് മൗന പിന്തുണയാണ് നല്‍കുന്നത്.

സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ അവര്‍ക്കായിരുന്നു ഗുര്‍മീതിന്റെ പിന്തുണ. എന്നാല്‍ ചുവടുമാറ്റി 2014 ഓടെ ബിജെപിക്ക് പരസ്യമായി പിന്തുണ നല്‍കിതുടങ്ങി.

2017 ആഗസ്ത് മാസം മാത്രം വിവിധ ക്ഷേമ പദ്ധതികള്‍ നടത്തുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഹരിയാനയിലെ മൂന്ന് മന്ത്രിമാര്‍ ഗുര്‍മീതിന് സംഭാവന നല്‍കിയത് 1.12 കോടി രൂപയാണ്.

ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിമാരായ റാംവിലാസ് ശര്‍മ്മ, അനില്‍ വിജ്ജ്, മനീഷ് ഗ്രോവര്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ആഗസ്ത് മാസം ഒരു മാനദണ്ഡവുമില്ലാതെ 1.12 കോടി രൂപ സംഭാവന നല്‍കിയത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ റാംവിലാസ് ശര്‍മ്മ മാത്രം 51 ലക്ഷം രൂപയാണ് ഗുര്‍മീതിന് നല്‍കിയത്.

ഗുര്‍മീതിന്റെ ജന്മദിനാഘോഷപരിപാടിക്കും, ആശ്രമത്തില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിക്കും വേണ്ടിയാണ് ഇത്രയും തുക മന്ത്രി സംഭാവന ചെയതത്.

കലാകായിക മത്സരങ്ങളെ ഗുര്‍മീത് പ്രോത്സാഹിപ്പിക്കുന്നുവെന്നുണ്ടെന്ന് പറഞ്ഞ് സംസ്ഥാന കായികമന്ത്രിയായ അനില്‍ വിജ്ജ് 50 ലക്ഷം രൂപയാണ് ഗുര്‍മീതിന് സംഭാവന ചെയ്തത്. താന്‍ ഇതില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും പക്ഷെ അതിന് തനിക്ക് പരിധി നിശ്ചയിച്ച് പോയത് കൊണ്ടാണ് 50 ലക്ഷം രൂപ മാത്രമെന്നാണ് ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അനില്‍ വിജ്ജ് നല്‍കിയ മറുപടി.

അനില്‍ വിജ്ജിന്റെ സംഭാവനയ്ക്ക് പിന്നാലെയാണ് സഹകരണവകുപ്പിന്റെയും മറ്റും സ്വതന്ത്ര ചുമതലയുള്ള മന്ത്രി മനീഷ് ഗ്രോവര്‍ 11 ലക്ഷം രൂപ ഗുര്‍മീതിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി സംഭാവന ചെയ്തത്.

യുവാക്കളുടെ വികസനത്തിനായി ഗുര്‍മീത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഗുര്‍മീതിനെ പോലെയുള്ളവരെ സഹായിക്കേണ്ടത് തന്റെ ബാധ്യതയാണെന്നുമാണ് മനീഷ് ഗ്രോവര്‍ ഇതിന് ന്യായീകരണമായി പറയുന്നത്.

നിലവിലെ ബി.ജെ.പി സര്‍ക്കാരിന് പുറമെ മുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഗുര്‍മീതിന് അകമഴിഞ്ഞ സഹായം നല്‍കിയവരില്‍ പ്രധാന പങ്ക് വഹിച്ചവരാണ്.

Top