haritha keralam-pinaray vijayan

pinarayi

തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയിലൂടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കുക എന്നതാണ് എല്‍ഡിഎഫ് നയം. നവകേരള മിഷന്‍ സര്‍ക്കാര്‍ പദ്ധതിയല്ലെന്നും ജനങ്ങളുടെ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷരഹിത ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ നടപടികളുണ്ടാകും. കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണങ്ങള്‍ കര്‍ഷകരിലെത്തിക്കുമെന്നും അദേഹം പറഞ്ഞു.

പദ്ധതി വിജയിപ്പിക്കാന്‍ പ്രായഭേദമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും നവകേരളം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പമാണ് ജനങ്ങളെന്നും പരിപാടിയില്‍ പങ്കെടുത്ത യേശുദാസ് പറഞ്ഞു.

യേശുദാസിന് പുറമെ മഞ്ജുവാര്യര്‍, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ തുടങ്ങിയ പ്രമുഖരും നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി.

ശുചീകരണം, കാര്‍ഷികവികസനം, ജലസംരക്ഷണം എന്നിവയാണ് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലുള്ള ഏതെങ്കിലും പ്രവൃത്തിയോ പദ്ധതിയിലുള്‍പ്പെടാത്ത പ്രത്യേക പദ്ധതികളോ ഏറ്റെടുക്കാം.

വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പദ്ധതിയില്‍ പങ്കാളികളാകും. സ്‌കൂളുകള്‍ പച്ചക്കറിത്തോട്ട നിര്‍മാണവും കുടിവെള്ളസ്രോതസ്സ് ശുചീകരണവും ഏറ്റെടുത്ത് നടപ്പാക്കും. സ്‌കൂള്‍ അസംബ്‌ളികളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മിഷന്‍പ്രവര്‍ത്തനങ്ങളുടെ സന്ദേശം നല്‍കും.

മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസും പരിസരവും വൃത്തിയാക്കും. ഗ്രാമീണമേഖലയില്‍ കനാലുകള്‍, തോടുകള്‍ എന്നിവ ശുചീകരിക്കുന്നതിനാണ് മുന്‍ഗണന.

സംസ്ഥാന മന്ത്രിമാര്‍ അവരവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. എംഎല്‍എമാര്‍, പൗരപ്രമുഖര്‍, സാംസ്‌കാരികനായകര്‍ തുടങ്ങിയവര്‍ ജനകീയസംരംഭത്തില്‍ പങ്കാളികളാകും.

Top