പിണറായി വിജയന്‍ ഇന്ത്യയുടെ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: ഹരീഷ് പേരടി

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

‘വീണുപോകുമ്പോള്‍ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്, സഹോദരന്‍, നേതാവ്, സഖാവ്, മനുഷ്യന്‍ എന്നൊക്കെ പറയുക… ഈ കെട്ട കാലത്ത് നിങ്ങള്‍ കേരളത്തിന്റെ മാത്രം നേതാവല്ല… ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… ഇങ്ങനെ ഒരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്…’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോക്കൊപ്പം ഹരീഷ് കുറിച്ചത്.

വാക്സിന്‍ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചതിന് പിന്നാലെയാണ് എന്തുവന്നാലും കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവരും സാധാരണക്കാരും യാതൊരു മുന്നറിയിപ്പുമില്ലാതെ സഹായം നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി എത്തിയത് ഒരു കോടിയിലധികം രൂപയാണ്. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെയുള്ള പ്രതിഷേധമായും വാക്സിന്‍ സൗജന്യമായി നല്‍കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്‍നിര്‍ത്തിയുമാണ് ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്.

നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തില്‍ ഒരാള്‍ക്ക് പോലും വാക്സിന്‍ കിട്ടാതെ വരരുതെന്നാണ് സംഭാവന നല്‍കുന്നവര്‍ പറയുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തിരുന്നു.

രണ്ട് ഡോസ് വാക്സിന്‍ തുകയായ 800 രൂപ സംഭാവന ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് കാമ്പയിന്‍ ആരംഭിച്ചത്. വാക്സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്

 

Top