വിമുക്തഭടന്റെ കൊലപാതകം; വോട്ടെടുപ്പുകാലം തിരഞ്ഞെടുത്തത് അന്വേഷണം ഗൗരവമാകില്ലെന്ന് കരുതി

ഹരിപ്പാട്: ഹരിപ്പാട് വിമുക്തഭടനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിനായി സമയവും സാഹചര്യവും പ്രതികള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന് പൊലീസ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഗൗരവത്തോടെയുള്ള അന്വേഷണം നടക്കില്ലെന്ന് പ്രതികള്‍ ഉറപ്പിച്ചിരുന്നുവെന്നും അതിന് അനുസരിച്ചായിരുന്നു കൊലപാതക നീക്കള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു.

ഏപ്രില്‍ 10-നാണ് രാജനെ കാണാതയാത്. തെരഞ്ഞെടുപ്പിനു ശേഷമാണ് പ്രതികള്‍ അറസ്റ്റിലായത്. സംഭവം കഴിഞ്ഞ് 16 ദിവസം പ്രതികള്‍ സുരക്ഷിതരായി നാട്ടില്‍ നടന്നു. അതും രാജനെ കണ്ടെത്താനുള്ള അന്വേഷണത്തിന് മുന്നില്‍ നില്‍ക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചുകൊണ്ട്.

ഒന്നാംപ്രതി പള്ളിപ്പാട് തെക്കേക്കര കിഴക്ക് അമ്പിയില്‍ ശ്രീകാന്ത് (26) മൊബൈല്‍ കട നടത്തുകയാണ്. രണ്ടാംപ്രതി നീണ്ടൂര്‍ കൊണ്ടൂരേത്ത് രാജേഷ് (36) മൊബൈല്‍ കടകളിലേക്ക് സാധനങ്ങള്‍ വിതരണംചെയ്യുന്ന ആളും. മൊബൈല്‍ ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന് തിരിച്ചറിവുള്ള ഇവര്‍ ബുദ്ധിപൂര്‍വമാണ് കരുക്കള്‍ നീക്കിയത്.

ഏപ്രില്‍ 10-ന് രണ്ടുമണിയോടെയാണ് രാജന്‍ ഇവര്‍ക്കൊപ്പം കാറില്‍ കയറുന്നത്. ചെന്നിത്തല വഴി ചെങ്ങന്നൂരിലേക്കെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍, ചെന്നിത്തല എത്തുംമുന്‍പ് പ്രതികള്‍ രാജനെ കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. തുടര്‍ന്ന് തിരികെ പള്ളിപ്പാട്ടേക്കുവന്ന് ശ്രീകാന്തിന്റെ വീടിനടുത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടു.

മൃതദേഹത്തില്‍ ജാക്കറ്റ് പുതപ്പിച്ചശേഷം പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും രണ്ടരമണി കഴിഞ്ഞിരുന്നു. ഇതിനുശേഷം രാജേഷും വിഷ്ണുവും ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ ഒരു മൊബൈല്‍ കടയില്‍ പണം വാങ്ങാന്‍ പോയി. ശ്രീകാന്ത് പൊയ്യക്കര ജങ്ഷനിലുള്ള തന്റെ മൊബൈല്‍ കടയിലേക്കും.

രാത്രി ഏഴരയ്ക്കുശേഷമാണ് രാജേഷും വിഷ്ണുവും ചെങ്ങന്നൂരില്‍നിന്ന് മടങ്ങിയെത്തിയത്. അപ്പോഴേക്കും കട അടച്ചശേഷം ശ്രീകാന്തും സ്ഥലത്തെത്തി. സംഭവത്തിനുശേഷം ഇപ്പോള്‍ അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍, സംശയിക്കുന്ന വിധത്തിലൊന്നും കണ്ടെത്തിയിരുന്നില്ല. ഇവരുടെ മൊഴികള്‍ സാധൂകരിക്കുന്ന വിധത്തിലായിരുന്നു മൊബൈല്‍ രേഖകളും. പ്രതികള്‍ രാജനെ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ഇവര്‍ കുരുക്കിലാകുന്നത്.

Top