ഹരികുമാര്‍ ആത്മഹത്യ ചെയ്ത കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കും

harikumar

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലപാതക കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ അന്വേഷിക്കും. കേസിലെ രണ്ടാംപ്രതി ബിനുവും ഡ്രൈവര്‍ രമേശും ക്രൈംബ്രാഞ്ചില്‍ കീഴടങ്ങിയിരുന്നു.

അതേസമയം കീഴടങ്ങിയ ബിനുവിന്റ മൊഴി പുറത്ത് വന്നിരുന്നു. ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്. രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ നടന്നിരുന്നു.

തിങ്കാളാഴ്ച രാത്രി തമിഴ്‌നാട്ടില്‍ നിന്നെത്തിയ തങ്ങള്‍ ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ എത്തിച്ചെന്നും ചൊവ്വാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്നുമായിരുന്നു തീരുമാനമെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവില്‍ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല വരെ യാത്ര ചെയ്തു.

ഒളിവില്‍ പോകുന്നതിന് മുമ്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ നടത്തിയ തുടര്‍ച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരും ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലെത്തി. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി ബിനു മൊഴി പറഞ്ഞു. എന്നാല്‍ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴടങ്ങാന്‍ തീരുമാനിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി പലപ്പോഴും പറഞ്ഞിരുന്നതായും ബിനു മൊഴി നല്‍കി.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണു ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്കു ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.

Top