ഹരിദാസൻ വധക്കേസ്‌: പൊലീസ്‌ ജീപ്പിന്‌ നേരെ ബോംബേറ്‌

സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച്‌ മടങ്ങുകയായിരുന്നു പൊലീസ്‌ ജീപ്പിന്‌ നേരെ ബോംബേറ്‌. ചാലക്കര മൈദകമ്പനിക്ക്‌ സമീപം ബുധനാഴ്‌ച അർധരാത്രി 11.30നാണ്‌ സംഭവം. കേസിൽ പിടികിട്ടാനുള്ള കേളോത്ത്‌ വീട്ടിൽ ദീപക്‌ എന്ന ഡ്രാഗൺ ദീപുവിന്റെ (30) വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പൊലീസ്‌.

മൈദ കമ്പനിക്ക്‌ സമീപമെത്തിയപ്പോൾ ജീപ്പിന്‌ പിറകിലാണ്‌ ബോംബെറിഞ്ഞത്‌. ന്യൂമാഹി എസ്‌ഐയും സംഘവുമാണ്‌ ജീപ്പിലുണ്ടായത്‌.അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത്‌ പൊലീസ്‌ പരിശോധന നടത്തി. കേസിലെ മൂന്നാംപ്രതിയാണ്‌ ദീപക്‌. തൃശൂർ ജില്ലയിൽ നിന്ന്‌ 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസിലും പ്രതിയാണ് .നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട്‌ പുത്തൻപുരയിൽ ‘പുണർത’ത്തിൽ നിഖിൽ എൻ നമ്പ്യാരും (27) ഒളിവിലാണ്‌.

കൊലപാതകത്തിൽ നിർണായക പങ്കുവഹിച്ചവരാണ്‌ പിടികിട്ടാനുള്ള മൂന്നും നാലും പ്രതികൾ. മത്സ്യതൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന്‌ പുലർച്ചെ ഒന്നരയോടെയാണ്‌ ആർഎസ്‌എസ്‌–-ബിജെപിക്കാർ സംഘം ചേർന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌.

ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷ്‌ ഒന്നാംപ്രതിയായ കേസിൽ 17 പ്രതികളാണ് ഉള്ളത് . തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ മെയ്‌ 20നാണ് പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചത് .

Top