ഹരിദാസന്റെ കൊലപാതകം; ബിജെപി കൗണ്‍സിലര്‍ ലിജേഷ് അടക്കം നാലു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബിജെപി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റിലായവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൗണ്‍സിലറായ ലിജേഷ് ആണെന്നും പൊലീസ് സൂചിപ്പിച്ചു.

എട്ടാം തീയതി ക്ഷേത്രത്തില്‍ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയില്‍ ആയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ സൂചിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയവാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

 

Top