ഹരിദാസിന്റെ കൊലപാതകം, പിന്നില്‍ ആര്‍എസ്എസാണെന്ന് പറയാന്‍ സിപിഎമ്മിന് പേടി; ഷാഫി പറമ്പില്‍

പാലക്കാട്: ഇന്നലെ കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകികള്‍ ആര്‍.എസ്.എസാണെന്ന് പറയാന്‍ സിപിഎമ്മിന് പേടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ഷാഫി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്

ഹരിദാസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ എന്തുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡി വൈ എഫ് ഐ നേതാക്കന്മാര്‍ 4 വരിയില്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,ഒരു ബിജെപി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്- ഷാഫി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിയാകുമ്പോള്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ പോസ്റ്റ്. ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിലും ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ പേര് പറയാത്തതും വിവാദമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആദരാഞ്ജലികള്‍ …
രാത്രിയുടെ മറവില്‍, കടലില്‍ പോയി തിരിച്ച് വരുമ്പോള്‍ കാത്തിരുന്ന് RSS ക്രിമിനലുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു.കാല് വെട്ടിയെടുത്തു.
20 തവണ വെട്ടി. ഒരു കുടുംബത്തിന്റെ അത്താണി കൂടി പോയി.
ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്.അതിനേക്കാള്‍ ആഴത്തിലുള്ള പര്‌സപരസഹകരണമുള്ളത് കൊണ്ടായിരിക്കും
”എന്തിന് കൊന്നു?” നിലവിളികള്‍ ഇല്ലാത്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയരാത്തത്,
ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ DYFi നേതാക്കന്മാര്‍ 4 വരിയില്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,
ഒരു BJP ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്,
BJP നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, BJP നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്,
എന്തിനധികം,കൊന്നത് RSS ആണ് എന്ന് പോലും ഉറച്ച് പറയാന്‍ മടിക്കുന്നവരെ CPM പ്രവര്‍ത്തകര്‍ കാണുന്നുണ്ടാവും.
വ്യക്തമായി തന്നെ പറയുവാന്‍ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.
മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീര്‍ കുടിക്കാതിരിക്കട്ടെ .
പക്ഷേ പ്രകോപനം കോണ്‍ഗ്രസ്സിനെതിരെയും ,
സഹകരണവും ക്ഷമയും
RSS നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം.

 

 

Top