ഹരേന്‍ പാണ്ഡ്യ കൊലക്കേസ്: ഹൈക്കോടതി വിധി തള്ളി സുപ്രീംകോടതി, 12ല്‍ 7പേരും കുറ്റക്കാര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെ തള്ളി സുപ്രീംകോടതി. വെറുതെവിട്ട 12 പേരില്‍ ഏഴുപേരും കുറ്റക്കാരെന്ന് സുപ്രീംകോടതി വിധിച്ചു. കേസില്‍ 2011-ലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ ജനുവരി 31ന് സമര്‍പ്പിച്ച അപ്പീലിന്മേലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്. അതേസമയം, കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

2003 മാര്‍ച്ച് 26 നായിരുന്നു ഹരേന്‍ പാണ്ഡ്യയെ അഹമ്മദാബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ വ്യാത്യസമുള്ള ബി.ജെ.പി നേതാവായിരുന്നു ഹരേന്‍ പാണ്ഡ്യ. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണക്കമ്മീഷനുമുന്നില്‍ മോദിക്കെതിരെ ഹരേന്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

ഹരേന്‍ പാണ്ഡ്യയുടേത് രാഷട്രീയ കൊലപാതകമാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

Top