സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ, പാട്ടുംപാടി ‘അകത്ത്’ കയറിയ മനുഷ്യന്‍!

ര്‍ണ്ണാടക സംഗീതം സംഗതികള്‍ അറിയാവുന്ന മാന്യന്‍മാര്‍ ഇരിക്കുന്ന സദസ്സില്‍ പാടേണ്ടതാണ് എന്നാണ് പൊതുവെയുള്ള വെപ്പ്. കര്‍ണ്ണാടക സംഗീതം കേള്‍ക്കുന്ന യുവാക്കള്‍ ഇതെന്ത് കാളരാഗമെന്ന് തിരിച്ചും ചോദിച്ചേക്കാം. എന്നാല്‍ ഇതൊക്കെ പറഞ്ഞ യുവാക്കള്‍ ഇന്ന് രംഗപുര വിഹാരയും, ധനശ്രീ തില്ലാനയുമൊക്കെ പാടിനടക്കുന്നു. ഇതെന്തൊരു അത്ഭുതം എന്ന് ആരും ചിന്തിച്ച് പോകും. സംഗീത സദസ്സുകളില്‍ പാടുന്ന ആ രാഗങ്ങളെ യുവഹൃദയത്തിന്റെ അകത്ത് കയറ്റി കസേരയിട്ട് ഇരുത്തിയത് ആരാണ്?

പലരുടെയും പേരുകള്‍ ഉയരാമെങ്കിലും യുവാക്കള്‍ക്ക് പറയാന്‍ ഒരൊറ്റ പേര് മാത്രമേ കാണൂ, ഹരീഷ് ശിവരാമകൃഷ്ണന്‍. കര്‍ണ്ണാടക സംഗീതത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ മാത്രം രൂപപ്പെട്ട അകം എന്ന ബാന്‍ഡിലൂടെ കര്‍ണ്ണാടക സംഗീതം യുവതയിലേക്കും ഒഴുകിയെത്തുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ജനാധിപത്യവത്കരണമാണ് ഹരീഷ് നടത്തിവരുന്നത്. റീമിക്സുകള്‍ അഴിഞ്ഞാടുന്ന ലോകത്ത് ഹരീഷിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനം കൈയടികള്‍ നേടി മുന്നേറുമ്പോള്‍ അത് സ്വയം വെട്ടിത്തെളിച്ച ഒരു വഴിയിലൂടെയാണെന്നത് ശ്രദ്ധേയമാണ്.

ബോറടിപ്പിക്കുന്ന കര്‍ണ്ണാടക സംഗീത രീതികളില്‍ നിന്ന് വഴിമാറി നടന്ന ഹരീഷ് ശിവരാമകൃഷ്ണന്‍ പാടിയ ‘ശ്രീരാഗമോ’ കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാകും. നിരവധി പ്രിയ ഗാനങ്ങള്‍ കാര്‍ പാര്‍ക്കിംഗിലും മറ്റും നിന്ന് പാടി ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് ഹരീഷിന്റെ ആരാധകരുടെ എണ്ണമേറിയത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ പിറന്ന ഹരീഷിന്റെ ഗുരുക്കന്‍മാരും നിസ്സാരക്കാരല്ല. ചെംബൈ കോദണ്ഡരാമ ഭാഗവതരും, ആയംകുടി മണിയുമായിരുന്നു ആ ഗുരുക്കന്‍മാര്‍.

പിലാനി ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തില്‍ ഒരുമിച്ച വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് അകം ബാന്‍ഡ് സൃഷ്ടിച്ചത്. ബാന്‍ഡില്‍ ഭൂരിഭാഗവും ഹരീഷിന്റെ ജൂനിയേഴ്സ്. കര്‍ണ്ണാടക സംഗീതത്തെ സ്നേഹിക്കുന്ന മനസ്സ് കൊണ്ട് അതിനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചും തന്നെയാണ് അകം സംഗീത പ്രേമികളുടെ അകത്ത് കയറിയത്.

സംഗീതത്തില്‍ നിലനിന്നിരുന്ന വേര്‍തിരിവുകളെ തകര്‍ത്ത് ഒരു പ്രത്യേക വിഭാഗം മാത്രം കേട്ടാല്‍ മതിയെന്ന് വിധിച്ചിരുന്ന സംഗീതത്തെയാണ് ഹരീഷ് ശിവരാമകൃഷ്ണനിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ചേരുന്നത്. ഇന്റര്‍നെറ്റ് യുഗം തന്നെയാണ് ഈ ഗായകന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. സോഷ്യല്‍ മീഡിയ ഇല്ലെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഹരീഷും സമ്മതിക്കുമ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തിന് ആശ്വസിക്കാം, ലോകം കേള്‍ക്കുന്ന ഒരു സംഗീതജ്ഞനെ നമുക്കും സമ്മാനിക്കാന്‍ കഴിഞ്ഞല്ലോയെന്ന്!

Top