മാമൂക്കോയയോടല്ല, എനിക്ക് സ്‌നേഹം അദ്ദേഹത്തിന്റെ വീട്ടിലെ പശുവിനോടെന്ന്…

തിരുവനന്തപുരം: മുസ്ലീങ്ങളുടെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കളെ പിടിച്ചെടുക്കണമെന്ന ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശത്തിന് ട്രോളുമായി മലയാള സിനിമാതാരം ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് കുറിപ്പ്. നടന്‍ മാമൂക്കോയയോടൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ഹരീഷിന്റെ കുറിപ്പ്.

മാമുക്കോയയുടെ ആലയില്‍ ഇരിക്കുന്നത് തന്റെ സഹോദരിയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് പകര്‍ന്നു തന്ന സഹോദരങ്ങളോട് എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്ന് അറിയില്ലെന്നും ഹരീഷ് ഫേസ് ബുക്കില്‍ കുറിച്ചു.

മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയുടെ പരമര്‍ശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശത്തെ പരിഹസിച്ചായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് … മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസില്‍ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് …’

Top