ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ വാഹനം മറിഞ്ഞത് അട്ടിമറിയെന്ന്

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു. നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് സംഭവം നടന്നത്.

അതേസമയം അപകടത്തില്‍ അസ്വഭാവികതയുണ്ടെന്ന് പട്ടേല്‍ പ്രക്ഷോഭക സമിതി തലവന്‍ ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.

വോട്ടെണ്ണതിന്റെ തലേന്നും യന്ത്രങ്ങളിലെ ക്രമക്കേട് ആരോപിച്ച് അദ്ദേഹം പ്രസ്താവന പുറത്തുവിട്ടിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുളള കമ്പനിയില്‍ നിന്ന് 140 സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ ഇതിനു വേണ്ടി നിയോഗിച്ചെന്നായിരുന്നു ആരോപണം. പട്ടേല്‍, ആദിവാസി സ്വാധീന മേഖലകളിലായിരുന്നു ഇത്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം.

ബിജെപി ഇടപെട്ട് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു.

ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം 103 വോട്ടുരസീത് യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു.

ജംബുസറില്‍ നിന്ന് ബറൂച്ച് ടൗണിലെ സൂക്ഷിപ്പു കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു യന്ത്രങ്ങള്‍. ജംബുസര്‍ മണ്ഡലത്തിലെ വോട്ടെടുപ്പിനു വേണ്ടി കൊണ്ടുപോയ യന്ത്രങ്ങളാണിവയെന്ന് കലക്ടര്‍ സന്ദീപ് സഗെയ്ല്‍ പറഞ്ഞു. എന്നാല്‍ ഇവ ഉപയോഗിച്ചിരുന്നില്ല. ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങളില്‍ അപാകത കണ്ടെത്തിയാല്‍ പകരം ഉപയോഗിക്കാനായിരുന്നു 103 യന്ത്രങ്ങളും. വോട്ടെടുപ്പിന്റെ ഡേറ്റയൊന്നും ഇതിലില്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വാര്‍ത്ത പടര്‍ന്നതോടെയാണ് ട്വീറ്റിലൂടെ ആരോപണമുന്നയിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സൂററ്റിലെയും മെഹ്‌സാനിലെയും സ്‌ട്രോങ് റൂമുകള്‍ക്കു സമീപം ‘നമോ’ എന്നു പേരുള്ള വൈഫൈ കണക്ഷന്‍ കണ്ടെത്തിയതായി കോണ്‍ഗ്രസ്സും പരാതിപ്പെട്ടിരുന്നു.

Top