ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്; ജൂണ്‍ രണ്ടിന് അംഗത്വം സ്വീകരിക്കും

അഹമ്മദാബാദ്: കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്. ജൂൺ രണ്ടിന് ഹാർദിക് ബിജെപി അംഗത്വം സ്വീകരിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ഹാർദിക് ബിജെപി പാളയത്തിലെത്തുന്നത്.

പട്ടേൽ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ഹാർദിക് പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് ഗുജറാത്ത് ഘടകം വർക്കിങ് പ്രസിഡന്റായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുകയായിരുന്നു.

കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാർദിക്ക് പട്ടേൽ പാർട്ടിക്ക് എതിരായി ഉയർത്തിയ വിമർശനം. പട്ടേൽ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയതും ഹാർദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.

പിന്നാലെ ഗുജറാത്തി പത്രമായ ദിവ്യ ഭാസ്‌റിൽ ബിജെപി നേതാക്കളെയും ആശയങ്ങളെയും പ്രശംസിക്കുന്ന ഹാർദിക്കിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖത്തിൽ നരേന്ദ്ര മോദി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ ഹാർദിക്ക് പ്രശംസകൊണ്ട് മൂടി. അതോടൊപ്പം രാമക്ഷേത്ര നിർമാണം, കശ്മീരിലെ 370ാം അനുച്ഛേദം റദ്ദാക്കൽ എന്നിവയെ ഹാർദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും പരന്നു.

പട്ടേൽ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബിജെപിയെ വിറപ്പിച്ച ഹാർദിക് ബിജെപി നേതാക്കളെയും ആശയങ്ങളെയും പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. അഭിമുഖത്തിൽ ഹാർദിക് ബിജെപിയിൽ ചേരുമെന്ന സൂചനകൾ നൽകുകയും ചെയ്തിരുന്നു.

Top