കോണ്‍ഗ്രസിന് തിരിച്ചടി, ഹാര്‍ദിക് പട്ടേലിനെതിരായ മറ്റൊരു ഒളിക്യാമറ വീഡിയോ കൂടി പുറത്ത്

അഹമ്മദാബാദ്: പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരില്‍ ലൈംഗിക വീഡിയോ പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് മറ്റൊരു വീഡിയോ കൂടി പുറത്ത്.

കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുന്ന വീഡിയോയാണ് ഗുജറാത്ത് പ്രാദേശിക ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.

പട്ടേല്‍ സമുദായത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് മാര്‍ച്ച് നടത്തിയ ദിവസമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ചാനല്‍ അധികൃതര്‍ അവകാശപ്പെടുന്നു.

എന്നാല്‍ തന്റെതായി പ്രചരിക്കുന്ന രണ്ടാമത്തെ വീഡിയോയെക്കുറിച്ച് ഹാര്‍ദിക് ഇതുവരെ പ്രതികരിച്ചില്ല. ലൈംഗിക വീഡിയോ പുറത്ത് വിട്ടതിലൂടെ ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഹാര്‍ദിക് പട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യമാണ് ചാനല്‍ പുറത്ത് വിട്ടത്.

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായ നേതാവുകൂടിയായ ഹാര്‍ദിക് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്കായിരുന്നു ഇത്രയും കാലം പട്ടേല്‍ സമുദായം പിന്തുണ നല്‍കിയിരുന്നത്.

Top