ബിജെപി വ്യാജ ലൈംഗിക സിഡികള്‍ ഇറക്കി തന്റെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന്

അഹമ്മദാബാദ്: ബിജെപി തനിക്കെതിരെ വ്യാജ ലൈംഗിക സിഡികള്‍ ഇറക്കി തന്റെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന് ഗുജറാത്തിലെ പട്ടേല്‍ സംവരണസമര നേതാവ് ഹാര്‍ദിക് പട്ടേല്‍.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മേല്‍കൈ ലഭിക്കാനായാണ് ബിജെപിയുടെ കുത്സിത നീക്കമെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിക്കുന്നു.

ബിജെപി തനിക്കെതിരെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ സിഡി തയ്യാറാക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത് പുറത്തുവിടാനാണ് ബിജെപിയുടെ ശ്രമമെന്നും ഹാര്‍ദിക് പറയുന്നു.

ബിജെപിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാനെന്നും കാത്തിരുന്ന് കാണാമെന്നും ഹര്‍ദിക് പറയുന്നു.

ഇത് സംബന്ധിച്ച വിവരം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് അത് ബിജെപിയുടെ വര്‍ഗസ്വഭാവമാണെന്ന് ഹാര്‍ദിക് മറുപടി നല്‍കി. ഗുജറാത്തില്‍ ഉപയോഗിക്കാന്‍ കൊണ്ടുവരുന്ന വിവിപാറ്റ് അടക്കമുള്ള വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടത്തിയേക്കുമെന്നും ഹാര്‍ദിക് ആരോപിക്കുന്നു. 3550 വിവിപാറ്റ് മെഷിനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയില്‍ പരാജയപ്പെട്ടെന്നും അനധികൃത മാര്‍ഗങ്ങളില്‍ കൂടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്ന് തനിക്കുറപ്പാണെന്നും ഹാര്‍ദിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി ആരോപണമുന്നയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്നും ഹാര്‍ദിക് ആരോപണം ഉന്നയിച്ചു.

അതേസമയം ഹാര്‍ദികിന്റെ ആരോപണങ്ങളെക്കുറിച്ച് ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഗാനി പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പിനായി 70,000 വിവിപാറ്റ് മെഷിനുകളാണ് എത്തിച്ചിട്ടുള്ളതെന്നും ആദ്യഘട്ട പരിശോധനയില്‍ പരാജയപ്പെട്ടിട്ടുള്ളത് വെറും അഞ്ച് ശതമാനം വിവിപാറ്റ് മെഷിനുകളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് അറിയിച്ചു.

Top