ഹാര്‍ദിക് പട്ടേല്‍ വരുമ്പോള്‍ ബിജെപിയുടെ മുട്ടുവിറയ്ക്കുന്നതിന് കാരണമുണ്ട്. . !

ത്തര്‍പ്രദേശില്‍ ബിജെപിയെ തറപറ്റിച്ചേ അടങ്ങൂ എന്ന വാശിയില്‍ കോണ്‍ഗ്രസ്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും നേതൃത്വം നല്‍കുന്ന വിശാലസഖ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കിലും അണുവിട പിന്നോട്ടില്ലെന്ന ഉറച്ച സമീപനം തന്നെയാണ് കോണ്‍ഗ്രസിന്റേത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കളം ചൂടുപിടിക്കുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടി ഗുജറാത്തില്‍ നിന്നൊരു തീപ്പൊരി നേതാവിനെ ഇറക്കി യോഗി ആദിത്യനാഥിനെയും കൂട്ടരെയും വെല്ലുവിളിക്കാനാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ തീരുമാനം. ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോദായിലേക്ക് കോണ്‍ഗ്രസ് എത്തിക്കുന്നത് മറ്റാരെയുമല്ല, സാക്ഷാല്‍ ഹാര്‍ദിക് പട്ടേലിനെയാണ്!

കേശുഭായിപട്ടേലിന് ശേഷം ഗുജറാത്ത് കണ്ട തീപ്പൊരി നേതാവാണ് ഹാര്‍ദിക് പട്ടേല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍. പാട്ടിദാര്‍ പ്രക്ഷോഭസമിതിയുമായി പൊതുസമൂഹത്തിലേക്ക് പോരാട്ടത്തിനിറങ്ങിയ ഹാര്‍ദിക് കുറച്ചൊന്നുമല്ല ബിജെപിയെ വെള്ളംകുടിപ്പിച്ചിട്ടുള്ളത്. 2017ല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 150 എന്ന മാന്ത്രികസംഖ്യ നേടാനാണ് ബിജെപി കളത്തിലിറങ്ങിയത്.

എന്നാല്‍ അമിതആത്മവിശ്വാസവുമായി പോരാട്ടത്തിനിറങ്ങിയ ബിജെപിയുടെ മോഹങ്ങള്‍ക്ക് ഹാര്‍ദികും പാട്ടിദാര്‍ സമിതിയും തടയിട്ടു. ഹാര്‍ദികിന്റെ വളര്‍ച്ചയില്‍ വിളറിപൂണ്ട ബിജെപി പല വിലകെട്ട അടവുനയങ്ങളും പയറ്റിയെങ്കിലും അതിനെയൊക്കെ അതിജീവിക്കാനുള്ള പ്രഭാവം ഹാര്‍ദികിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഹാര്‍ദികിനുള്ള ജനപ്രിയത തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ കരുക്കള്‍ നീക്കുന്നതും.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാട്ടിദാര്‍ അഥവാ പട്ടേല്‍ ശക്തികേന്ദ്രമായ സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താനായത് ഹാര്‍ദിക് നടത്തിയ ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ മികവ് കൊണ്ടായിരുന്നു. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുള്ള വ്യക്തിത്വം എന്ന പ്രതിഛായ നേടിയെടുക്കാനും ഹാര്‍ദികിന് ആയി. ആ ഹാര്‍ദിക് തരംഗം ഗുജറാത്തില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലുമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍.

ഉത്തര്‍പ്രദേശിലെ പ്രധാന സമുദായങ്ങളായ ഗുജര്‍, കുശ്വാഹ, കുര്‍മി എന്നിവര്‍ക്കിടയില്‍ വ്യക്തമായ സ്വാധീനം ഹാര്‍ദികിന് ഉണ്ട്. മാത്രമല്ല മറ്റ് പിന്നാക്കവിഭാഗങ്ങളും ഹാര്‍ദികിന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കുന്നവരാണ്. അതിന് കാരണവുമുണ്ട്. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഹാര്‍ദിക്.

ഹിന്ദുത്വരാഷ്ട്രീയത്തെ രാജ്യത്തിന്റെ പടിക്ക് പുറത്തിറക്കണമെന്ന് വാദിക്കുന്ന അദ്ദേഹം തൊഴിലില്ലായ്മയ്‌ക്കെതിരെയും സംസാരിക്കുന്നു. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ഹാര്‍ദികിന്റെ ബിജെപി വിരുദ്ധതയെ തങ്ങള്‍ക്കുള്ള വോട്ടുകളാക്കി മാറ്റാമെന്നും വിജയം നേടാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത് കൊണ്ട് തന്നെ മുസ്ലീങ്ങള്‍ക്കിടയിലും ഹാര്‍ദിക് പട്ടേലിന് പിന്തുണ ലഭിക്കുമെന്ന്് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെബ്രുവരി 3ന് യുവജന കണ്‍വന്‍ഷനോടെയാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഹാര്‍ദിക് പട്ടേല്‍ തുടക്കം കുറിക്കുക. സംസ്ഥാനമെങ്ങും ആറ് റാലികള്‍ നടത്താനാണ് നിലവിലെ തീരുമാനം. ഈ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഹാര്‍ദികിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

പട്ടേദാര്‍മാരില്‍ ഒതുങ്ങുന്നതല്ല ഹാര്‍ദികിന്റെ സ്വാധീനമെന്ന ബിജെപിയുടെ ദുസ്വപ്‌നം അങ്ങനെ യാഥാര്‍ത്ഥ്യമാവുകയാണ്. ഭാവിയിലേക്കുള്ള വന്‍ ശക്തിയായി പലഘട്ടത്തിലും പലരും ഹാര്‍ദികിനെ വിലയിരുത്തിയിട്ടുണ്ട്. തല്‍ക്കാലം ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാനില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഉള്ള മുന്‍നിലപാടില്‍ തന്നെയാണ് ഹാര്‍ദിക് ഇപ്പോഴും.

yogi-new

ബിജെപിയുടെ പരാജയം മാത്രമാണ് ഹാര്‍ദികിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അരിക് ചേര്‍ന്ന് ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന ഈ തീപ്പൊരിനേതാവിനെ അത്ര നിസ്സാരനായി കരുതാന്‍ ബിജെപിക്ക് കഴിയില്ലെന്നുറപ്പ്. മാത്രമല്ല, കൂനിന്മേല്‍ കുരു എന്ന പോലെയാവും ബിജെപിക്ക് ഹാര്‍ദികിന്റെ ഉത്തര്‍പ്രദേശ് എന്‍ട്രി.

ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമാണെന്നും സിറ്റിങ്ങ് എംപിമാരില്‍ 57 പേര്‍ പരാജയപ്പെടുമെന്നുമാണ് ബിജെപി നടത്തിയ സര്‍വ്വേഫലങ്ങള്‍ പറഞ്ഞത്. അതിനെ മറികടക്കാന്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. യോഗി ആദിത്യനാഥിനെതിരായ ഭരണവിരുദ്ധവികാരത്തിനു പുറമേ എസ്പി-ബിഎസ്പി സഖ്യമുയര്‍ത്തുന്ന വെല്ലുവിളിയും ഹാര്‍ദികിന്റെ രംഗപ്രവേശവും എല്ലാം കൂടിയാകുമ്പോള്‍ ബിജെപി എങ്ങനെ കടമ്പകള്‍ കടക്കുമെന്ന് കാത്തിരുന്ന് കാണാം.

political reporter

Top