രോഹിത് ശർമ്മയെ മാറ്റി; അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുക ഹാർദിക് പാണ്ഡ്യ

മുംബൈ : ഐപിഎലിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിനെ ഓൾ‌റൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. കഴിഞ്ഞ മാസമാണ് ഹാർദിക് ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈയിലേക്ക് എത്തിയത്. രോഹിത് ശർമയ്ക്ക് പകരം ഹാർദിക്കിനെ ക്യാപ്റ്റനാക്കുമെന്ന് നേരത്തേ അഭ്യൂഹമുയർന്നിരുന്നു.

ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നും 2024 സീസണിൽ‌ മുംബൈയെ ഹാർദിക് നയിക്കുമെന്നും മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ പ്രസ്താവനയിൽ പറഞ്ഞു. 2013 മുതൽ രോഹിത്തിനു കീഴിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചു. 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഹാർദിക് ടീമിനായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ ടൈറ്റൻസിനെ നയിച്ച താരം, രണ്ടു തവണയും ടീമിനെ ഫൈനലിൽ എത്തിച്ചു. ഇതിൽ ഒരു തവണ വിജയികളാവുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പഴ്സിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറി. 8 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. യുവതാരം ശുഭ്മൻ ഗില്ലാണ് ടൈറ്റൻസിന്റെ പുതിയ നായകൻ.

Top