തിലക് വര്‍മക്ക് ഫിഫ്റ്റി നിഷേധിച്ച പാണ്ഡ്യയുടെ സിക്സര്‍; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ജയിച്ച് പരമ്പര നഷ്ടമെന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 13 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയം പിടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍(6) അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍(1) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവും(44 പന്തില്‍ 83) തിലക് വര്‍മയും(49*) ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(20*) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

റൊവ്മാന്‍ പവല്‍ പതിനെട്ടാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ ആറ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാലു പന്തുകളില്‍ ഹാര്‍ദ്ദിക്കും തിലകും സിംഗിളുകള്‍ ഓടിയെടുത്തു. ഇതോടെ ലക്ഷ്യം രണ്ട് റണ്‍സായി. തിലക് വര്‍മ 49 റണ്‍സുമായി മറുവശത്ത് പുറത്താകാതെ നില്‍ക്കുമ്പോള്‍ അഞ്ചാം പന്ത് സിക്സിന് പറത്തി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിന് ജയം സമ്മാനിച്ചു. ക്യാപ്റ്റന്‍സിയിലും പെരുമാറ്റത്തിലുമെല്ലാം ധോണിയാവാന്‍ ശ്രമിക്കുന്ന പാണ്ഡ്യ സിക്സ് അടിച്ച് ഫിനിഷ് ചെയ്യുന്നതിലും ധോണി സ്റ്റൈല്‍ ആവര്‍ത്തിച്ചെങ്കിലും ആരാധകര്‍ക്ക് അത് തീരെ പിടിച്ചിട്ടില്ല.

തിലക് തന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിക്ക് തൊട്ടരികെ നില്‍ക്കുമ്പോള്‍ ആ സിക്സിന്റെ ആവശ്യമില്ലായിരുന്നുവെന്നും സിംഗിളെടുത്താല്‍ അടുത്ത പന്തില്‍ തിലകിന് ഫിഫ്റ്റിയും ടീമിന്റെ ജയവും പൂര്‍ത്തിയാവുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. തിലക് തുടര്‍ച്ചയായി രണ്ടാം അര്‍ധസെഞ്ചുറി നേടുന്നത് തടയുക എന്നതായിരുന്നു പാണ്ഡ്യയുടെ ലക്ഷ്യമെന്നും ക്യാപ്റ്റന്‍ ഇത്രയും സ്വാര്‍ത്ഥനാവരുതെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.അതിവേഗം ജയിച്ച്‍ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തേണ്ട യാതൊരു സാഹചര്യവും ഇല്ലാതിരിക്കെയാണ് പാണ്ഡ്യയുടെ ഷോ എന്നും ആരാധകര്‍ പറയുന്നു.

സൂര്യ പുറത്തായപ്പോള്‍ വിജയം ഉറപ്പായിരിക്കെ ഫിനിഷ് ചെയ്യാനായി പാണ്ഡ്യ തന്നെ ഇറങ്ങിയതിനെയും ആരാധകര്‍വ വിമര്‍ശിക്കുന്നുണ്ട്. ഫോമിലാവാതിരുന്ന മറ്റ് ബാറ്റര്‍മാര്‍കക് അവസരം നല്‍കി കുറച്ചു നേരം ക്രീസില്‍ നല്‍കാന്‍ സമയം നല്‍കാതെ ആളാവാനാണ് പാണ്ഡ്യ തന്നെ ഇറങ്ങിയതെന്നാണ് മറ്റൊരു ആരോപണം.

Top