‘പരമ്പര കൈവിട്ടത് കാര്യമാക്കുന്നില്ല, വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നതും നല്ലതാണ്’; ഹാര്‍ദ്ദിക് പാണ്ഡ്യ

ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട20 പരമ്പര കൈവിട്ടത് കാര്യമാക്കുന്നില്ലെന്നും വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നതും നല്ലതാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. തോല്‍വിയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും വിന്‍ഡീസിനെതിരായ അഞ്ചാം ടി20യിലെ തോല്‍വിക്ക് ശേഷം ഹാര്‍ദ്ദിക് പറഞ്ഞു. അഞ്ചാം മത്സരം തോറ്റതോടെ ഇന്ത്യ അഞ്ച് മത്സര പരമ്പര 2-3ന് കൈവിട്ടിരുന്നു.

അവസാന മത്സരത്തില്‍ ആദ്യ 10 ഓവറുകൾക്ക് ശേഷം താനുള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാഞ്ഞതാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ഞാൻ ക്രീസിലെത്തിയശേഷം, റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ക്രീസില്‍ എന്റേതായ സമയമെടുത്തെങ്കിലും, മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ എനിക്കായില്ല – ഹാര്‍ദ്ദിക് പറഞ്ഞു. മത്സരത്തില്‍ ഹാര്‍ദ്ദിക് 18 പന്തിൽ 14 റൺസെടുത്ത് പുറത്തായിരുന്നു.

തോല്‍വിയിലും ഈ മത്സരങ്ങളില്‍ നിന്നെല്ലാം നമ്മൾ ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പരമ്പര നഷ്ടത്തെക്കുറിച്ച് ഇപ്പോള്‍ അധികമായി ചിന്തിക്കുന്നില്ല. വലിയൊരു സീസണാണ് നമുക്ക് മുന്നിലുള്ളത്. ഏകദിന ലോകകപ്പും ഏഷ്യാ കപ്പും വരാനിരിക്കുന്നു. അതുകൊണ്ടു തന്നെ വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നത് നല്ലതാണ്. അതില്‍ നിന്ന് പലതും പഠിക്കാനാവും. ടീമിനായി കളിച്ച എല്ലാ താരങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാവരും മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. ജയവും തോല്‍വിയുമെല്ലാം കളിയുടെ ഭാഗമാണ്. തോല്‍വിയില്‍ നിന്ന് എന്ത് പഠിക്കുന്നു എന്നതാണ് പ്രധാനം.

ഓരോ മത്സരങ്ങള്‍ക്കും മുന്നോടിയായുള്ള വലിയ പ്ലാനിംഗില്‍ ഞാന്‍ അധികം വിശ്വസിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഓരോ മത്സര സാഹചര്യത്തിലും എന്താണോ എനിക്ക് ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക എന്നതാണ് എന്റെ രീതി. ഈ പരമ്പരയില്‍ കളിച്ച ഓരോ കളിക്കാരനും ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ഓരോ സാഹചര്യങ്ങളിലും അവര്‍ ഉത്തരവാദിത്തമേറ്റെടുക്കാന്‍ മുന്നോട്ടുവന്നു. ക്യാപ്റ്റനെന്ന നിലയില്‍ അതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യമെന്നും പാണ്ഡ്യ പറഞ്ഞു.

Top