മുംബൈക്ക് ആശ്വാസം: പരിക്ക് മാറി ഹാര്‍ദ്ദിക് പാണ്ഡ്യ ജിമ്മില്‍; ഐപിഎല്ലില്‍ കളിച്ചേക്കും

മുംബൈ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ് പുറത്തായ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ ജിമ്മില്‍ വ്യായാമം ചെയ്തു തുടങ്ങി. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഹാര്‍ദ്ദിക് തന്നെയാണ് പുറത്തുവിട്ടത്.

പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ ഹാര്‍ദ്ദിക്കിന് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ഐപിഎല്ലും നഷ്ടമായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ട്രേഡിലൂടെ മുംബൈ ഇന്ത്യൻസിലെത്തിയ ഹാര്‍ദ്ദിക്കിനെ രോഹിത് ശര്‍മക്ക് പകരം നായകനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ പരിക്കുമൂലം ഹാര്‍ദ്ദിക്കിന് ഐപിഎല്‍ നഷ്ടമാവമെന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ ആരാധകരെ നിരാശരാക്കി.

ഹാര്‍ദ്ദിക് കളിച്ചില്ലെങ്കില്‍ ഇനി ആരെ നായകനാക്കുമെന്നതായിരുന്നു മുംബൈ നേരിട്ട വലിയ പ്രതിസന്ധി. ഹാര്‍ദ്ദിക്കിന്റെ നായകനായുള്ള തിരിച്ചുവരവില്‍ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് അതൃപ്തിയുണ്ടെന്നും ഇരുവരും നായകരാവാന്‍ തയാറായേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ് ഹാര്‍ദ്ദിക് ജിമ്മിലെത്തി വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമാണ് നിലവില്‍ ഹാര്‍ദ്ദിക് കളിക്കുന്നത്. അടുത്ത ആഴ്ച തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര കഴിഞ്ഞാല്‍ ഐപിഎല്ലന് മുമ്പ് ഇന്ത്യക്ക് ഏകദിന, ടി20 പരമ്പരകളൊന്നും കളിക്കാനില്ല. ഈ മാസം അവസാനം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യക്ക് ഇനി മുന്നിലുള്ളത്. അതിനാല്‍ ഹാര്‍ദ്ദിക്കിന് പരിക്ക് മാറി ഐ പി എല്ലില്‍ മുംബൈ നായകനായി തിരിച്ചെത്താന്‍ ആവശ്യത്തിന് സമയമുണ്ട്. ഈ വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ വിട്ടു നിന്നാല്‍ ഹാര്‍ദ്ദിക് ആയിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് വിലയിരുത്തുന്നത്.

Top