ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം അത്ര പോരെന്ന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

ബറോഡ: ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം അത്ര പോരെന്ന് മുന്‍ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. ഇര്‍ഫാന്‍ പത്താനാണ് ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടത്തെക്കുറിച്ച് വിശദീകരിച്ചത്. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സുമായും വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറുമായും താരതമ്യം ചെയ്യുമ്പോള്‍ ടീമിന് വലിയ വിജയങ്ങള്‍ സമ്മാനിക്കാന്‍ പാണ്ഡ്യക്കായിട്ടില്ലെന്നും പത്താന്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് പത്താന്റെ വിശദീകരണം. ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലം ഒട്ടേറെ മത്സരങ്ങള്‍ ജയിച്ചാണ് ബെന്‍ സ്റ്റോക്‌സ് ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായത്. ഇന്ത്യക്കും ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒരു ഓള്‍ റൗണ്ടര്‍ വേണെന്നാണ് എന്റെ ആഗ്രഹം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച 10 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഹര്‍ദ്ദിക് പാണ്ഡ്യയില്ല. ടെസ്റ്റിലും ഏകദിനത്തിലും ഓള്‍ റൗണ്ടര്‍മാരുടെ ആദ്യ 10 റാങ്കിംഗിലുള്ള ഒരേയൊരു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ്.

പാണ്ഡ്യക്ക് ആദ്യ പത്തില്‍ പോലും ഇടം പിടിക്കാന്‍ പറ്റാത്തത് നിര്‍ഭാഗ്യകരമാണ്. പാണ്ഡ്യക്ക് പ്രതിഭയുണ്ട്. അതില്‍ സംശയമൊന്നുമില്ല. പക്ഷെ സ്റ്റോക്‌സിനെപ്പോലെ ടീമിനെ ഒറ്റക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരമൊരു ഓള്‍ റൗണ്ടറുണ്ടായിരുന്നെങ്കില്‍ മറ്റ് ടീമുകള്‍ക്ക് ഇന്ത്യയെ തൊടാന്‍ പോലും പറ്റില്ലായിരുന്നു.

വ്യക്തിപരമായി ഓരോരുത്തരെയുമെടുത്താല്‍ മറ്റ് ടീമുകളിലെ താരങ്ങളെക്കാള്‍ മികവുള്ളവരാണ് നമ്മുടെ താരങ്ങള്‍. അതില്‍ ഒരേയൊരു കഷ്ണം മാത്രമാണ് വേറിട്ടു നില്‍ക്കുന്നത്. അത് ഓള്‍ റൗണ്ടറുടെ സ്ഥാനമാണ്. അതുകൂടി ശരിയായാല്‍ പിന്നെ എതിരാളികള്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാടാണെന്നും പത്താന്‍ പറഞ്ഞു.

ഓള്‍ റൗണ്ടറെന്ന നിലയില്‍ പാണ്ഡ്യയെ പലരും കപില്‍ ദേവിനോട് താരതമ്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ കപിലിന്റെ നിലവാരത്തില്‍ നിന്ന് ഏറെ അകലെയാണ് പാണ്ഡ്യയെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ പറയുന്നത് ആര്‍ക്കും ഇഷ്ടമാവണമെന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പിആര്‍ ജോലികള്‍ ചെയ്യാന്‍ ആരും ഉണ്ടായിട്ടില്ല. എന്റെ സ്വന്തം നിലയിലാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നതെന്നും പത്താന്‍ പറഞ്ഞു.

Top