കൊഹ്‌ലിയെ പൊക്കാന്‍ സച്ചിനെ തള്ളിപ്പറഞ്ഞു; രാഹുലിനെയും പാണ്ട്യയെയും പൊങ്കാലയിട്ട് ആരാധകര്‍

കെ.എല്‍ രാഹുലും, ഹാര്‍ദിക് പാണ്ട്യയും പങ്കെടുത്ത ഒരു ബോളിവുഡ് ചാറ്റ് ഷോയെക്കുരിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. പ്രശസ്ത ബോളിവുഡ് ചാറ്റ് ഷോ ആയ കോഫി വിത്ത് കരണ്‍ന്റെ കഴിഞ്ഞ എപ്പിസോഡില്‍ പങ്കെടുത്ത ഇരുവരും പല കാര്യങ്ങളിലും അന്ന് മനസ് തുറന്നിരുന്നു. അന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഇരുവര്‍ക്കും വിനയായി മാറിയിരിക്കുന്നത്. ചാറ്റ്‌ഷോയിലെ വീഡിയോ രംഗങ്ങള്‍ പങ്കുവെച്ച് കൊണ്ട് വന്‍ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരെ ആരാധകര്‍ നടത്തുന്നത്.

പരിപാടിക്കിടെ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് ഇരുവരും ചേര്‍ന്ന് നല്‍കിയ ഉത്തരമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ചോദ്യം ഇതാണ്- വിരാട് കൊഹ്ലിയാണോ സച്ചിന്‍ ടെണ്ടുല്‍ക്കറാണോ മികച്ച ബാറ്റ്‌സ്മാന്‍. ചോദ്യം കേട്ട ഉടന്‍ ഇരുവരും വിരാട് കൊഹ്ലിയാണ് മികച്ച ബാറ്റ്‌സ്മാനെന്ന് ഒപ്പം പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിനെത്തുടര്‍ന്ന് സംഭവം വലിയ ചര്‍ച്ചാവിഷയമായി.

തങ്ങളുടെ പ്രിയപ്പെട്ട താരമായ സച്ചിനെ തള്ളിപ്പറഞ്ഞ ഇരുവര്‍ക്കുമെതിരെ വന്‍ പൊങ്കാലയാണ് ആരാധകര്‍ നടത്തുന്നത്. ഇന്ത്യന്‍ ടീമില്‍സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇരുവരും കൊഹ്ലിയെ മികച്ച ബാറ്റ്‌സ്മാനായി ചൂണ്ടിക്കാട്ടിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

Top