ബിജെപിയിൽ ഉടൻ ചേരില്ലെന്ന് ഹർദിക് പട്ടേൽ

അഹമ്മദാബാദ്; തിങ്കളാഴ്ച ബി.ജെ.പി അംഗത്വമെടുക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി ഹാര്‍ദിക് പട്ടേല്‍. ഇന്ന് ബി.ജെ.പിയില്‍ ചേരുന്നില്ലെന്നും അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കില്‍ പിന്നീട് അറിയിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി. പാട്ടീദാര്‍ ക്വാട്ട സമരത്തിന് നേതൃത്വം നല്‍കി ശ്രദ്ധേയനായ പട്ടേല്‍ ഈയിടെയാണ് കോണ്‍ഗ്രസ് വിട്ടത്.

പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ”ഏത് സര്‍ക്കാരും അരാജകമായ കൈകളിലേക്ക് പോകുന്നത് എത്ര മാരകമാണെന്ന് പഞ്ചാബ് ഇന്ന് സങ്കടകരമായ ഒരു സംഭവത്തോടെ തിരിച്ചറിഞ്ഞു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് ഒരു അന്താരാഷ്ട്ര കബഡി കളിക്കാരന്‍റെ ക്രൂരമായ കൊലപാതകവും പ്രശസ്ത യുവ കലാകാരന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു” എന്നായിരുന്നു പട്ടേലിന്‍റെ ട്വീറ്റ്.

ആം ആദ്മി പാര്‍ട്ടി പഞ്ചാബിന് വേദന നല്‍കാന്‍ കോണ്‍ഗ്രസിനെപ്പോലെ മറ്റൊരു പാര്‍ട്ടിയാകണോ അതോ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്ന് ചിന്തിക്കേണ്ടതുണ്ട്- പട്ടേല്‍ ട്വീറ്റ് ചെയ്തു. മന്‍സ ജില്ലയിൽ വെച്ചാണ് സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിന്‍റെ ഫലമായിരിക്കാം കൊലപാതകമെന്നാണ് പഞ്ചാബ് പൊലീസ് അവകാശപ്പെടുന്നത്.

Top